ലക്‌നൗ: സ്വകാര്യനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ച ഭര്‍ത്താവിനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ബരാദാരി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29നാണ് ഇരുവരും വിവാഹിതരാകുന്നത്. പല രാത്രികളിലും ഭാര്യക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ ഭര്‍ത്താവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഭാര്യ എതിര്‍ത്തെങ്കിലും ദൃശ്യങ്ങള്‍ പിന്നീട് ഡിലീറ്റ് ചെയ്യുമെന്ന ഉറപ്പു നല്‍കി. എന്നാല്‍ കുറച്ചുദിവസങ്ങള്‍ക്കു ശേഷവും ദൃശ്യങ്ങള്‍ മൊബൈലില്‍ നിന്നു നീക്കം ചെയ്തില്ല. മാത്രമല്ല, വിഡിയോകള്‍ സമൂഹമാധ്യമത്തില്‍ അപ്ലോഡ് ചെയ്യുണമെന്നു ഭര്‍ത്താവ് വാശി പിടിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ പ്രവൃത്തിയെ കുറിച്ച് അദ്ദേഹത്തിന്റെ മാതാപിതാക്കളോടു പരാതി പറഞ്ഞെങ്കിലും അവര്‍ അവഗണിക്കുകയായിരിന്നു എന്ന് യുവതി പറയുന്നു.
കഴിഞ്ഞ മാസം 30ന് ഭര്‍ത്താവുമായുള്ള വാക്കുതര്‍ക്കത്തിനിടെ അദ്ദേഹം തന്നെ അടിച്ചതായി യുവതി ആരോപിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിനു ഭര്‍ത്താവ് ഇരയാക്കിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതി സത്യസന്ധമാണെന്നു കരുതിയതിനാലാണ് കേസ് റജിസ്റ്റര്‍ ചെയ്തതെന്നു ബരാദാരി പോലീസ് പറഞ്ഞു. പ്രകൃതിവിരുദ്ധ പീഡനം, ഭീഷണി, ഐടി ആക്ടിലെ ചില വകുപ്പുകള്‍ എന്നിവയാണ് ഭര്‍ത്താവിനു മേല്‍ ചുമത്തിയിരിക്കുന്നത്.