ഉറ്റവരും വീടും നഷ്ടപ്പെട്ടിട്ടും ചെറുപുഞ്ചിരിയുമായി ഒരു കൊച്ചു മിടുക്കി; മിസ്‌രിയ ആത്മവിശ്വാസത്തിന്റെ ആള്‍രൂപം
പുത്തുമല: ദുരന്തം മണ്ണിടിച്ചിലിന്റേയും ഉരുള്‍പൊട്ടലിന്റേയും വെള്ളപ്പൊക്കത്തിന്റേയും രൂപത്തില്‍ വന്നപ്പോള്‍ ഉറ്റവരും ഉടയവരും വീടും നഷ്ടപ്പെട്ട് വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരള ജനത. വേര്‍പാടുകള്‍ എന്നും വേദനയാണ് ആ വേദന ഉള്ളിലൊതുക്കി പുറമെ ചിരിക്കാന്‍ കഴിയുന്നത് വലിയൊരു കഴിവാണ്. അത്തരത്തില്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ വിഷമിക്കുന്നവര്‍ക്ക് ആത്മവിശ്വാസം പകരുകയാണ് പുത്തുമലയിലെ മിസ്രിയ എന്ന പത്താംക്ലാസുകാരി.
പുത്തുമലയിലെ ദുരന്തം അവള്‍ക്ക് സമ്മാനിച്ചത് നോവുകള്‍ മാത്രമാണ്. സ്വന്തം വീടും ബന്ധുക്കളും ദുരന്തത്തില്‍ അവള്‍ക്ക് നഷ്ടമായി. എല്ലാ ആഘാതങ്ങളും ദുഃഖങ്ങളും ഉള്ളില്‍ ഒതുക്കി ചിരിക്കാന്‍ ശ്രമിക്കുകയാണ് മിസ്രിയ. കരയാന്‍ വെമ്പിനില്‍ക്കുന്നവര്‍ പോലും ഇവളുടെ മുഖം കണ്ടാല്‍ ഒന്നു പുഞ്ചിരിക്കും. അത്രമേല്‍ ആത്മവിശ്വാസമാണ് മിസ്രിയ നല്‍കുന്നത്.
ബന്ധുക്കളും വീടും നഷ്ടമായതിന്റെ നോവ് ഒരു നിമിഷം മറന്ന് അവര്‍ നില്‍ക്കുമ്പോള്‍ എസ്പിസിക്കാരിയുടെ ഗൗരവത്തോടെ മിസ്രിയ ചില നിര്‍ദേശങ്ങള്‍ നല്‍കും. അനുസരിക്കാന്‍ ആര്‍ക്കും മടിയൊന്നുമില്ല. കാരണം അവള്‍ എല്ലാവരുടെയും പ്രിയങ്കരിയായി മാറി കഴിഞ്ഞു. മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസുകാരിയായ മിസ്രിയ ഇതേ സ്‌കൂളില്‍ തുറന്ന ക്യാംപില്‍ സ്റ്റുഡന്റ് പോലീസ് കെഡറ്റ് ആയി സേവനത്തിനിറങ്ങുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ടുണ്ടായ ഉരുള്‍പൊട്ടല്‍ കണ്‍മുന്നില്‍ കാണുകയും അടുത്ത കൂട്ടുകാരിയും പിതൃസഹോദരപുത്രന്റെ ഭാര്യയുമായ ഹാജിറയെ നഷ്ടമാകുകയും ചെയ്ത മിസ്രിയ പിറ്റേന്നു രാവിലെയാണ് ക്യാംപില്‍ എത്തുന്നത്. അന്ന് മുതല്‍ ക്യാംപിലെ നിറസാന്നിദ്ധ്യമാണ്. ആകെ 5 പേരെ നഷ്ടമായ പച്ചക്കാട് മലയില്‍ നിന്നുള്ള കുടുംബങ്ങള്‍ക്ക് താങ്ങായി, ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് അവള്‍ ഓടിനടക്കുകയാണ്.
വീട് നഷ്ടമായതിനാല്‍ ഉപ്പ സുലൈമാനും ഉമ്മ സലീനയും ഇതേ ദുരിതാശ്വാസ ക്യാംപില്‍ തന്നെയാണ് കഴിയുന്നത്. ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് കേട്ട് അന്ന് തൊട്ടുമുകളിലെ സഹോദരന്റെ വീട്ടിലേക്കു മാറിയതിനാലാണ് ഇവര്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മലയൊന്നാകെ ഇളകി തൊട്ടുമുന്നിലൂടെ ഒഴുകിപ്പോയതും ഭൂമി കുലുങ്ങിയതുമെല്ലാം മിസ്രിയ വിവരിക്കുന്നുണ്ട്. മനസ്സിന് ‘ഷോക്ക്’ ആയിട്ടുണ്ടെങ്കില്‍ സേവനത്തിന് ഇറങ്ങേണ്ടെന്ന് അധ്യാപകര്‍ നിര്‍ദേശിച്ചിരുന്നു. ‘എന്റെ നാട്ടുകാരാണിത്. അവരെ നോക്കാന്‍ ഞാന്‍ കൂടി വേണം’ എന്നായിരിന്നു മിസ്‌രിയയുടെ മറുപടി.