കൊച്ചി:തൃക്കാക്കരയിലേക്കുള്ള മെട്രോ റെയിലിന് അനുമതി നൽകാത്ത കേന്ദ്ര ബിജെപി സർക്കാരിനെതിരെ ഒരക്ഷരം പറയാൻ പ്രതിപക്ഷ നേതാവ് തയ്യാറുണ്ടോ എന്ന് മന്ത്രി പി രാജീവ് ചോദിച്ചു. കെ–-റെയിലിന് അനുമതി നൽകരുതെന്ന് പറഞ്ഞ് ഡൽഹി പൊലീസുമായി ഏറ്റുമുട്ടിയ പ്രതിപക്ഷ എംപിമാരിൽ ഒരാളെങ്കിലും തൃക്കാക്കരയിലേക്കുള്ള മെട്രോയ്‌ക്ക് അനുമതിയ്‌ക്കായി സത്യഗ്രഹത്തിനു തയ്യാറായോ? –- അതിനു പകരം പദ്ധതിക്കുവേണ്ടി സമരം ചെയ്‌ത ഞങ്ങളെക്കുറിച്ച് നുണപറയുന്ന പ്രതിപക്ഷ നേതാവിന് അടുത്തകാലത്തെ ചരിത്രംമാത്രമേ അറിയാവൂ എന്നും പി രാജീവ് വാർത്താലേഖകരോടു പറഞ്ഞു.
ഗെയിൽ പൈപ്പിടുമ്പോൾ ഭൂമിക്കടിയിൽ ബോംബാണ് കുഴിച്ചിടുന്നതെന്ന് ഞാൻ പറഞ്ഞെന്ന് തെളിയിക്കാൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുകയാണ്. കൊച്ചി മെട്രോ ആദ്യ ഘട്ടത്തിനു അനുമതി തേടി ഞങ്ങൾ സമരം ചെയ്‌തിട്ടുണ്ട്. ജസ്‌റ്റിസ് കൃഷ്‌ണയ്യർക്കൊപ്പം പ്രധാനമന്ത്രിയെക്കണ്ടിട്ടുണ്ട്. ഗെയിൽ സ്ഥലമെടുപ്പിൽ ന്യായമായ നഷ്‌ടപരിഹാരം നൽകണമെന്ന് പറഞ്ഞ് സമരം ചെയ്‌തിട്ടുണ്ട്. 10 ശതമാനം വിലയ്ക്ക് ഉമ്മൻ ചാണ്ടി സർക്കാർ ഏറ്റെടുക്കാനിരുന്ന സ്ഥലം 100 ശതമാനം വിലയ്‌ക്ക് പിണറായി സർക്കാർ ഏറ്റെടുത്തത് അങ്ങനെയാണ്. അല്ലാതെ പദ്ധതിക്കെതിരെ സമരം ചെയ്‌തിട്ടില്ല.
നിർദ്ദിഷ്‌ട കെ–-റെയിലിന്റെ ജില്ലയിലെ ഏക സ്‌റ്റേറഷനടുത്ത് കാക്കനാട് വാട്ടർ മെട്രോ സ്‌റ്റേഷൻ തയ്യാറായിക്കഴിഞ്ഞു. മെട്രോ റെയിൽ കലൂർ സ്‌റ്റേഡിയത്തിൽ നിന്ന് കാക്കനാട്ടേക്ക് എത്തിക്കാൻ സ്ഥലമേറ്റെടുക്കൽ ഉൾപ്പടെ എല്ലാ ഒരുക്കവും സംസ്ഥാനസർക്കാർ പൂർത്തിയാക്കി. ഇത് മൂന്നും ചേരുമ്പോൾ തൃക്കാക്കരയിൽനിന്ന് കൊച്ചി നഗരത്തിലേക്ക് യാത്ര അതിവേഗമാകും. കാക്കനാട് ഇൻഫോപാർക്കിൽ 32 ഏക്കറിൽ ടിസിഎസ് ഹെഡ്‌ക്വാർട്ടേഴ്‌സ് ഉൾപ്പടെ വരുന്നു. ഇന്റർനാഷണൽ ട്രേഡ് സെന്ററിന് സ്ഥലം ഏറ്റെടുക്കുകയാണ്. കാക്കനാട് –-കൊരട്ടി ഇൻഫോപാർക്കിലേക്കും ചേർത്തല ഇൻഫോപാർക്കിലേക്കും ഐടി ഇടനാഴി വരുകയാണ്. ഇതെല്ലാം ചേർന്ന് കേരളത്തിന്റെ തന്നെ പ്രധാന കേന്ദ്രമായി തൃക്കാക്കര മാറും. –- പി രാജീവ് പറഞ്ഞു.
സ്ഥാനാർഥി നിർണയത്തിൽ സഭയെ വലിച്ചിഴച്ച് അപഹസിക്കാനാണ് യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എൽഡി എഫിന്റെ ചെലവിൽ സഭാ നേതൃത്വത്തെയും ലിസി ആശുപത്രിയേയും അവഹേളിക്കാനുള്ള യുഡിഎഫ് ശ്രമം അവസാനിപ്പിക്കണം. നിക്ഷിപ്‌ത താൽപര്യക്കാരാണ് സഭാ നേതൃത്വത്തെ വലിച്ചിഴച്ചതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡൊമിനിക് പ്രസന്റേഷനും പറഞ്ഞത് യുഡിഎഫ് നേതൃത്വത്തിനുള്ള മറുപടിയാണെന്നും രാജീവ് പറഞ്ഞു.
സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ലെനിൻ സെന്ററിലാണെന്ന് എല്ലാവരും കണ്ടതാണ്. തീരുമാനം പ്രഖ്യാപിച്ചശേഷം ഞങ്ങൾ ലിസി ആശുപത്രിയിൽ ഡോക്ടറെ അറിയിക്കാൻ ചെന്നപ്പോൾ അവരാണ് ഞങ്ങളോട് ഇരിക്കാൻ പറഞ്ഞത്. സ്വന്തം സ്ഥാപനത്തിലെ ഡോക്ടർക്ക് ലഭിച്ച അംഗീകാരത്തിൽ സന്തോഷിച്ച് ആശുപത്രി ഡയറക്ടറായ ഫാദർ പോൾ കരേടൻ, ഡോക്ടർക്ക് ബൊക്കെ നൽകി സംസാരിച്ചതിൽ എന്താണ് തെറ്റ്? വൈദികൻ എന്ന നിലയിലല്ല; ആശുപത്രി ഡയറക്ടർ എന്ന നിലയിലാണ് അദ്ദേഹം ഡോക്ടറെക്കുറിച്ച് സംസാരിച്ചത്. അതിന്റെ പേരിൽ ജാതി, മത ഭേദമെന്യേ പാവപ്പെട്ട രോഗികൾക്ക് ഹൃദ്‌രോഗത്തിനുൾപ്പടെ കുറഞ്ഞ ചെലവിൽ ചികിൽസ നൽകുന്ന ആശുപത്രിയെ തകർക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്–- പി രാജീവ് ചോദിച്ചു.