FeaturedNationalNews

ഗാല്‍വാനിന് പിന്നാലെ കൂടുതല്‍ ഇടങ്ങളില്‍ അതിര്‍ത്തി കയ്യേറി ചൈന,36000 സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ച് ഇന്ത്യ,യൂറോപ്പിലെ സൈനികരെ പുനര്‍വിന്യസിച്ച് ഇന്ത്യയെ തുണയ്ക്കാന്‍ അമേരിക്കയും

ഇന്ത്യ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ ഇന്ത്യയെ പരസ്യമായി പിന്തുണച്ച് അമേരിക്ക.ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധസാദ്ധ്യത മുന്നില്‍ക്കണ്ട് യൂറോപ്പിലുള്ള അമേരിക്കന്‍ സൈനികരെ മാറ്റി വിന്യസിയ്ക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.ചൈനീസ് ഭീഷണി മുന്നില്‍ കണ്ടായിരിക്കും സേനാ വിന്യാസം.ഇന്ത്യക്കെതിരായ ചൈനീസ് ചതി ചെറുക്കേണ്ടതുണ്ടെന്നും ബ്രസല്‍സ് ഫോറത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെയും നടപടികള്‍ ഇന്ത്യക്കും, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ടെന്നും ഇത് കണക്കാക്കി ഉചിതമായ സ്ഥാനങ്ങളിലേക്ക് സേനാ വിന്യാസം നടത്തുകയാണെന്നും പോംപിയോ പറഞ്ഞു. നേരത്തെ ഇരു രാജ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു അമേരിക്കയുടെ നിലപാട്.

മഞ്ഞുരുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലും ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ കാര്യങ്ങള്‍ തകിടം മറിയുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഗാല്‍വാന്‍ താഴ്വര പൂര്‍ണമായും ഞങ്ങളുടേതെന്ന് ചൈന അവകാശ വാദം ഉന്നയിച്ച പശ്ചാത്തലത്തില്‍ 36000 സൈനികരെ ഇന്ത്യ അധികമായി അതിര്‍ത്തിയില്‍ വിന്യസിച്ചു. ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാവുന്ന അവസ്ഥയിലാണ് അതിര്‍ത്തി മേഖല.

ഗല്‍വാന്‍ താഴ്വരയിലും പാംഗോങ്ട്‌സോയിലും ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ വ്യാപ്തി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ മറ്റൊരു തന്ത്രപ്രധാന സ്ഥലമായ ദെപ്സാങ് സമതലത്തില്‍ ചൈനീസ് സൈന്യം അതിര്‍ത്തി മുറിച്ചു കടന്നു . തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ മാറ്റം വരുത്താനുള്ള ചൈനയുടെ മറ്റൊരു ശ്രമമാണ് ഈ കയ്യേറ്റമെന്നാണ് വിലയിരുത്തല്‍.

പ്രധാനപ്പെട്ട ദൗലത്താ ബെഗ് ഓള്‍ഡിയിലെ എയര്‍ സ്ട്രിപ്പിന് 30 കിലോമീറ്റര്‍ തെക്ക്-കിഴക്കായിട്ടാണ് ചൈനീസ് സൈന്യം കയ്യേറ്റം നടത്തുകയും ധാരാളം സൈനികരെ വിന്യസിക്കുകയും ചെയ്തിട്ടുള്ളത്. ദെപ്സാങ് സമതലത്തിലെ കുപ്പിക്കഴുത്ത് പോലുള്ള വൈ-ജംഗ്ഷനിലാണ് സൈന്യം തമ്പടിച്ചത്. സൈനികര്‍, യുദ്ധ വാഹനങ്ങള്‍, സൈനികോപകരണങ്ങള്‍ എന്നിവ ചൈന വിന്യസിച്ചിട്ടുണ്ട്.

2013 ഏപ്രിലില്‍ ചൈനീസ് സൈന്യം ഇവിടം കയ്യേറിയിരുന്നു. ഇരുവശത്തേയും സൈനികര്‍ മുഖാമുഖം മൂന്നാഴ്ചയോളം നില്‍ക്കുകയും നയതന്ത്രതലത്തിലെ ചര്‍ച്ചകളെ തുടര്‍ന്ന് പൂര്‍വ സ്ഥിതിയിലാക്കുകയും ചെയ്തിരുന്നു. കൂടാതെ ഇന്ത്യ ഒരു സൈനിക പോസ്റ്റ് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ചൈനീസ് സംഘത്തിന് 1.5 അകലെയുള്ള വഴിയിലൂടെ ഇവിടേക്ക് പ്രവേശിക്കാന്‍ സാധിക്കും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ അതിര്‍ത്തി കയ്യേറുന്ന ചൈനയുടെ പതിവ് വര്‍ധിച്ചു വരികയാണ്. 2017-ല്‍ 75 സംഭവങ്ങളും 2018-ല്‍ 83 ഉം, 2019-ല്‍ 157 ഉം തവണ ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker