ബേക്കറി കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പ്പന; ആലപ്പുഴയില്‍ മധ്യവയസ്‌കന്‍ പിടിയില്‍
ആലപ്പുഴ: നിയമവിരുദ്ധമായി വിദേശ മദ്യം കൈവശം വെച്ചതിന് ആലപ്പുഴയില്‍ വീട്ടുടമസ്ഥന്‍ അറസ്റ്റില്‍. തട്ടാരമ്പലം ആഞ്ഞിലിപ്ര കൊച്ചുതെക്കടത്ത് ബോബിവില്ലയില്‍ തോമസ് സഖറിയ (59)ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നിന്നും 14 ലിറ്റര്‍ മദ്യം പോലീസ് പിടിച്ചെടുത്തു.
ഇയാള്‍ വീടിനോട് ചേര്‍ന്നുള്ള ബേക്കറിയും കാര്‍പോര്‍ച്ചും കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തുകയായിരുന്നു. അര്‍ധരാത്രി വരെ കട തുറന്നിരിക്കുന്നതും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ സ്ഥിരമായി എത്തുന്നു എന്നുമുള്ള പരാതിയെ തുടര്‍ന്നു പോലീസ് നടത്തിയ നിരീക്ഷണത്തിലാണ് പ്രതി കുടുങ്ങിയത്.
ബിവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പന ശാലയില്‍ നിന്നു ദിവസവും മൂന്ന് കുപ്പി മദ്യം വീതം വാങ്ങി സൂക്ഷിക്കുന്ന തോമസ് മദ്യം 200 മില്ലി വീതം കൊള്ളുന്ന ജ്യൂസ് കുപ്പിയിലാക്കി 100മുതല്‍ 150 രൂപ നിരക്കിലാണ് വില്‍പന നടത്തിയിരുന്നത്. ഒരു വര്‍ഷമായി ഇയാള്‍ കച്ചവടം നടത്തുന്നുണ്ട്. ഏറെക്കാലം വിദേശത്തായിരുന്ന തോമസ് ഒറ്റക്കായിരുന്നു താമസം.