കൊച്ചി: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എറണാകുളത്ത് പോലീസ് പരിശോധന ശക്തമാക്കി. പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡ് സ്ഥാപിക്കുകയാണ്. കൊച്ചിയിലെ പ്രധാന റോഡായ എംജി റോഡില്‍ ഒരു വരിയിലൂടെ മാത്രമേ വാഹനം കടത്തി വിടുന്നുള്ളു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസ് കേസെടുക്കുന്നുണ്ട്.
എറണാകുളം ജനറല്‍ ആശുപത്രി പരിസരത്തും, ചെല്ലാനത്തും കര്‍ശന ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രി പരിസരത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 76 ജീവനക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആശുപത്രിയില്‍ സന്ദര്‍ശക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചെല്ലാനത്ത് മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രദേശത്തും അതീവ ജാഗ്രതയുണ്ട്. കണ്ടെയ്ന്‍മെന്റ് സോണിന്റെ പരിധി വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ മത്സ്യത്തൊഴിലാളികളുടെ സ്രവ സാമ്പിളുകള്‍ ശേഖരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ചെല്ലാനത്തെ കൊവിഡ് രോഗിയുടേത് വിപുലമായ സമ്പര്‍ക്ക പട്ടികയാണ്. രോഗ ഉറവിടം സംബന്ധിച്ച് അവ്യക്തത തുടരുന്നത് ആശങ്ക കൂട്ടുന്നുണ്ട്.
വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ച എറണാകുളം മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് 132 സാമ്പിളുകള്‍ ശേഖരിച്ചു. എറണാകുളത്തെ ചമ്പക്കര മാര്‍ക്കറ്റില്‍ പൊലീസ് ഇന്ന് രാവിലെ മിന്നല്‍ പരിശോധന നടത്തി. ജില്ലയില്‍ കൊവിഡ് രോഗവ്യാപനം വര്‍ധിച്ചതോടെയാണ് കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടവും പൊലീസും കൊച്ചി നഗരസഭയും രംഗത്തെത്തിയത്. ചമ്പക്കര മാര്‍കറ്റില്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് കോര്‍പറേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി. പിന്നാലെ ഡിസിപി ജി പൂങ്കുഴലിയും എത്തി. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും മാര്‍ക്കറ്റില്‍ നിന്ന 30ല്‍ അധികം പേരെ കസ്റ്റഡിയില്‍ എടുത്തു. മാനദണ്ഡം പാലിക്കാതെ കച്ചവടം നടത്തിയ കടകള്‍ അടപ്പിക്കുകയും ചെയ്തു.
അതേസമയം, എറണാകുളത്ത് ആന്റിജെന്‍ ടെസ്റ്റിനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ലക്ഷണങ്ങളില്ലാത്തവര്‍ക്കും രോഗികളുമായി സമ്പര്‍ക്കം സംശയിക്കുന്നവര്‍ക്കുമാണ് പരിശോധന. അരമണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. 15000 കിറ്റുകള്‍ ജില്ലയിലെത്തിയിട്ടുണ്ട്. ബ്ലോക്ക് തലത്തില്‍ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളൊരുക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. 40 വീതം ബെഡുകളുള്ള 15 കേന്ദ്രങ്ങളാകും ഒരുക്കുക. കൊച്ചി കോര്‍പ്പറേഷനില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഉള്ളത്.