BusinessNewsTechnology

കാറിൽ റോബോട്ട്,എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടി ചൈനീസ് കമ്പനി

മുംബൈ:ഇന്ത്യയിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് എസ്‍യുവി ആദ്യത്തെ ലെവല്‍ വണ്‍ ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങി വാഹനലോകത്തെ പല പുത്തന്‍ സാങ്കേതിക വിദ്യകളുടെയും ഉപജ്ഞേതാക്കളാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് അഥവാ എം ജി മോട്ടോഴ്‌സ്

ഇപ്പോഴിതാ കമ്പനിയുടെ ഇന്ത്യയിലെ പുതിയ മോഡലും നിരത്തിലേക്ക് എത്തുകയാണ്. എം‌ജി ഹെക്ടർ, എം‌ജി ഹെക്ടർ പ്ലസ്, എം‌ജി ഇസഡ്എസ് ഇവി, എം‌ജി ഗ്ലോസ്റ്റർ എന്നിവയ്ക്ക് ശേഷമുള്ള കമ്പനിയുടെ ഇന്ത്യയിലെ അഞ്ചാമത്തെ ഉൽ‌പ്പന്നമാണ് പുതിയ എം‌ജി ആസ്റ്റർ എസ്‌യുവി. ഈ വാഹനത്തിന്‍റെ വില കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പുതിയതും കിടലനുമായ നിരവധി സാങ്കേതിക വിദ്യകളുമായാണ് ആസ്റ്ററും എത്തുന്നത്. ഇതാ ചില ആസ്റ്റര്‍ വിശേഷങ്ങള്‍ അറിയാം.

എംജിയുടെ പ്രീമിയം എസ്‍യുവിയായ ഗ്ലോസ്റ്ററില്‍ ലെവല്‍-1 ഓട്ടോണമസ് ഫീച്ചറുകള്‍ നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ ഓട്ടോണമസ് ലെവല്‍-2 സാങ്കേതികവിദ്യയുമായാണ് ആസ്റ്റര്‍ എത്തിയിട്ടുള്ളത്. ഇതിനൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജെന്‍സ് സംവിധാനവും ആസ്റ്റര്‍ എസ്.യു.വിയെ എതിരാളികളില്‍ നിന്ന് വേറിട്ടതാക്കുന്നു.

https://www.instagram.com/p/CUrDQuRvO0q/?utm_medium=copy_link

വാഹനത്തിനുള്ളില്‍ ഒരു റോബോട്ട് ഉള്ളതിന് സമാനമാണ് ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജെന്‍സ് സംവിധാനം. ഇന്ത്യൻ വാഹന വിപണിയിൽ ഇത് തികച്ചും പുതുമയാണെന്നും തനിച്ച് വാഹനം ഓടിക്കുമ്പോൾ ഇത് വേറിട്ടൊരു അനുഭവമാകും നല്‍കുക എന്നും എംജി പറയുന്നു. അമേരിക്കൻ കമ്പനിയായ ‘സ്റ്റാർ ഡിസൈൻ’ ആണ് ഈ എഐ അസിസ്റ്റന്‍റിന്‍റെ രൂപകല്‍പ്പന. എഐ അസിസ്റ്റൻറിനായി ഡാഷ്‌ബോർഡിൽ ഒരു ഇൻററാക്ടീവ് റോബോട്ടായിരിക്കും ഉണ്ടാകുക. മനുഷ്യരെപ്പോലെ ആശയവിനിമയം നടത്താൻ ശേഷിയുള്ള റോബോട്ട്, വിക്കിപീഡിയ വഴി നാം ചോദിക്കുന്ന വിഷയത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകും. കാറിൽ ആളുകളുമായി ഇടപഴകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. മനുഷ്യഭാവമുള്ള ഇമോജികൾ കാട്ടി സ്ത്രീശബ്ദത്തിലാണ് പ്രതികരണം. നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പാട്ടു കേൾപ്പിക്കും, തമാശ പറയും, സംശയങ്ങൾ തീർക്കും, വാർത്ത വായിച്ചു കേൾപ്പിക്കും. ഒപ്പം കാറിന്റെ കാര്യങ്ങളും നോക്കും.

സൺ റൂഫ് തുറക്കണമെങ്കിൽ പറഞ്ഞാൽ മതി. നാവിഗേഷൻ അടക്കം ഏകദേശം 80 കണക്ടഡ് കാർ ഫീച്ചറുകളുണ്ട്. ‌ 4 ജി ജിയോ സിം ഇന്റർനെറ്റ് കണക്ടിവിറ്റിയിലൂടെയാണ് ഇതെല്ലാം യാഥാർഥ്യമാക്കുന്നത്. ഇതോടെ വാഹനത്തിൽ പേഴ്‌സണല്‍ അസിസ്റ്റന്‍സ് സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ വാഹന നിര്‍മാതാക്കള്‍ എന്ന ഖ്യാതി എം ജി മോട്ടോഴ്‌സിന് സ്വന്തമാകും.

https://www.instagram.com/reel/CUfPErKjNOy/?utm_medium=copy_link

റോബോട്ടിന് ശബ്‍ദമാകുന്നത്
ഇന്ത്യയുടെ പാരാ ഒളിമ്പിക്സ് താരം ദീപ മാലിക്കാണ് ആസ്റ്ററിലെ ഈ എഐ റോബോട്ടിന് ശബ്‍ദമാകുന്നത്. ഖേൽ രത്‌ന ജേതാവുകൂടിയായ ദീപ മാലിക് ആസ്റ്റർ എഐക്ക് ശബ്‍ദം നൽകുമെന്ന് എംജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ ഉപഭോക്താക്കൾക്ക് അതുല്യമായ ശബ്‍ദാനുഭവം നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും എം ജി അധികൃതർ വ്യക്തമാക്കുന്നു.ഇന്ത്യയുടെ ആദ്യത്തെ വനിതാ പാരാഒളിമ്പിക്സ് മെഡൽ ജേതാവായ ദീപ മാലിക് നിരവധി തവണ ഏഷ്യൻ പാരാ ഗെയിംസിലും വിജയ കിരീടം ചൂടിയിട്ടുണ്ട്. ഷോട്ട് പുട്ട്, ജാവലിൻ ത്രോ, ഡിസ്‍കസ് ത്രോ, നീന്തൽ, മോട്ടോർസൈക്ലിങ് തുടങ്ങി വിവിധതരം മത്സങ്ങളിൽ വിജയിച്ചിട്ടുള്ള ദീപക്ക് പദ്മശ്രീ നൽകിയും രാജ്യം ആദരിച്ചിട്ടുണ്ട്.

ഒളിമ്പിക്സ് കൂടാതെ ലോക ചാമ്പ്യൻഷിപ്പ് ഉൾപ്പടെ 23 അന്താരാഷ്ട്ര മത്സരങ്ങളിലും അമ്പതിലധികം ദേശീയ ചാമ്പ്യൻഷിപ്പുകളിലും ദീപ മെഡൽ അണിഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിന്‍റെ പ്രതിരൂപമാണ് ദീപയെന്നും ആസ്റ്ററിലെ ദീപയുടെ ശബ്‍ദം എല്ലാവർക്കും മികച്ച അനുഭവമായിരിക്കും എന്നും എംജി മോട്ടോർ ഇന്ത്യ പറയുന്നു. എംജി എസ്‌യുവിയുടെ ശബ്‍ദമാകാൻ കഴിഞ്ഞതിൽ സന്തുഷ്‍ടയാണെന്നും എംജിയുടെ മൂന്നിലൊന്ന് തൊഴിലാളികൾ സ്ത്രീകളാണെന്നത് അഭിനന്ദനീയമാണെന്നും ദീപ മാലിക്കും പറയുന്നു.

ഓട്ടോണമസ് ലെവല്‍ 2
മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ ആദ്യമായി ഓട്ടോണമസ് ലെവല്‍ 2 സാങ്കേതികവിദ്യയും ഇതില്‍ ഒരുങ്ങുന്നുണ്ട്. അപകടമുണ്ടാകാതെ വാഹനം തന്നെ മുന്‍ കരുതല്‍ സ്വീകരിക്കുന്നതിന് ഓട്ടോണമസ് ലെവല്‍ ടു സംവിധാനം സഹായിക്കും. ഇതിന്റെ ഭാഗമായി അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്ങ്, ലെയ്ല്‍ കീപ്പിങ്ങ് അസിസ്റ്റന്‍സ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാണിങ്ങ്, ഇന്റലിജെന്റ് ഹെഡ്‌ലാമ്പ് കണ്‍ട്രോള്‍, റിയര്‍ ഡ്രൈവര്‍ അസിസ്റ്റ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ പ്രിവെന്‍ഷന്‍, സ്പീഡ് അസിസ്റ്റ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങളാണ് എം.ജി. മോട്ടോഴ്‌സ് ആസ്റ്ററില്‍ നൽകുന്നത്. ബ്ലോക്ക്‌ചെയിൻ, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യകളെ സംയോജിപ്പിക്കുന്ന കാർ-എ-പ്ലാറ്റ്‌ഫോം (CAAP) സോഫ്റ്റ്‌വെയർ കൺസെപ്റ്റ് ലഭിക്കുന്ന ആദ്യ കാറാണ് ആസ്റ്റർ.

എംജി മോട്ടോഴ്‌സ് മുമ്പ് വിപണിയില്‍ എത്തിച്ച ഇലക്ട്രിക് മോഡലായ ZS-ന്റെ പെട്രോള്‍ എന്‍ജിന്‍ മോഡലായാണ് ആസ്റ്റര്‍ എസ്.യു.വി. ഇലക്ട്രിക് മോഡലായ ZS-ന്റെ പെട്രോള്‍ പതിപ്പെന്ന വിശേഷണം ശരിവെക്കുന്ന രൂപമാണ് ഈ വാഹനത്തിനും. 2019 എംജി ഇസഡ്‌എസിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഡിസൈന്‍ എങ്കിലും എം‌ജി ആസ്റ്ററിന് അതിന്റേതായ സവിശേഷമായ ടച്ചുകൾ നൽകിയിട്ടുണ്ട്. അതിൽ സെലസ്റ്റിയൽ ഇഫക്റ്റ് ഉള്ള ഫ്രണ്ട് ഗ്രിൽ, ഹെഡ്‌ലാമ്പുകൾക്കിടയിൽ എൽഇഡി ട്രീറ്റ്മെന്റ്, ക്രിസ്റ്റലിൻ അലങ്കാരങ്ങൾ എന്നിവ ഉൾപ്പെടുന്നു. മുൻവശത്തെ ചില മാറ്റങ്ങളിൽ ഒരു പുതിയ ബമ്പറും പുതിയ ഫോഗ്ലാമ്പും ഉൾപ്പെടുന്നു. വശത്ത് നിന്ന് നോക്കിയാൽ പുതിയ എംജി ആസ്റ്ററിൽ ഒരു ജോടി 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ കാണാം. ബാക്കി പ്രൊഫൈൽ ZS EV പോലെ തന്നെയാണ്.

പിൻഭാഗത്ത്, സംയോജിത ഫാക്സ് എക്‌സ്‌ഹോസ്റ്റും സ്കിഡ് പ്ലേറ്റുകളുമുള്ള പുതിയ റിയർ ബമ്പറുകൾ മാത്രമാണ് എം‌ജി ആസ്റ്ററിന്റെ പുതിയ ഘടകങ്ങൾ. സെഗ്മെന്റില്‍ ആദ്യമായി ഹീറ്റഡ് വിങ്ങ് മിററുകളും ബ്ലൂടൂത്ത് ടെക്നോളജിയുള്ള ഡിജിറ്റല്‍ കീയും ഇതില്‍ നല്‍കിയിട്ടുണ്ട്. ഷാര്‍പ്പ് ഡിസൈനിലുള്ള ഹെഡ്‍ലാമ്പ്, എല്‍ഇഡിഡിആര്‍എല്‍, പുതിയ ഡിസൈനിലുള്ള ബമ്പര്‍ തുടങ്ങിയവ ഈ വാഹനത്തിലെ ഡിസൈന്‍ മാറ്റങ്ങളാണ്.

ഇന്‍റീരിയര്‍ പൂര്‍ണമായും ZS ഇലക്ട്രിക്കില്‍ നിന്ന് കടമെടുത്തതാണ്. എംജി ആസ്റ്ററിനുള്ളിൽ ഡാഷ്ബോർഡ്, സൈഡ് പാനലുകൾ, പ്രീമിയം അപ്ഹോൾസ്റ്ററി എന്നിവ സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ചുവപ്പും കറുപ്പും ചേർന്ന ഡ്യുവൽ ടോൺ. ക്യാബിന്റെ ഹൃദയഭാഗത്ത് ആസ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ. കൂടാതെ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സംവിധാനങ്ങള്‍. ടോപ്പ്-സ്പെക്ക് MG ആസ്റ്ററിൽ വയർലെസ് ചാർജിംഗ് ഉണ്ട്. പിൻ യാത്രക്കാർക്ക് യുഎസ്ബി സോക്കറ്റും പിൻ എസി വെന്റുകളും ലഭിക്കും. ബൂട്ട് സ്പേസ് സെഗ്മെന്റിലെ ഏറ്റവും വലുതാണ് 400 ലിറ്റർ. വ്യക്തിഗത AI യൂണിറ്റ് ഡാഷ്‌ബോർഡിന് മുകളിൽ ഇരിക്കുന്നു. ഡ്യുവൽ-ടോൺ സാംഗ്രിയ റെഡ്, ഡ്യുവൽ-ടോൺ ഐവറി ഗ്രേ, സിംഗിൾ-ടോൺ ടക്സീഡോ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് ഇന്റീരിയർ തീമുകളിൽ എംജി മോട്ടോർ ആസ്റ്റർ വാഗ്‍ദാനം ചെയ്യുന്നു.

വാഹനത്തിലെ സ്റ്റീയറിംഗ് വീലിനുമുണ്ട് മോഡ് മാറ്റം. മൂന്നു തരം സ്റ്റിയറിംഗ് മോഡുകൾ ഈ എസ്.യു.വിയില്‍ ഉണ്ടാകും. 90 ശതമാനം വരെ കവറേജുള്ള സ്‌കൈ റൂഫ്, മുന്നിലും പിന്നിലുമുള്ള യാത്രികർക്ക് ആംറെസ്റ്റ് എന്നിവ ആസ്റ്ററിന്റെ സവിശേഷതയാണ്. 4323 എം.എം ആണ് കാറിന്റെ മൊത്തം നീളം. 1650 എം.എം ഉയരവും 1809 എം.എം വീതിയുമാണ്. പനോരമിക് സൺറൂഫും ഫീറ്റഡ് വിങ് മിററും ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോളും റെയിൻ സെൻസറിങ് വൈപ്പറുകളും 6 തരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റുമുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയിന്‍സ് ജിയോയുടെ പങ്കാളിത്തത്തോടെയാണ് ആസ്റ്റര്‍ എസ്.യു.വിയെ കണക്ടഡ് കാറാക്കി മാറ്റിയിട്ടുള്ളത്. ജിയോയുടെ 4ജി ഇന്റര്‍നെറ്റ് കണക്ടിവിറ്റിയാണ് ആസ്റ്ററില്‍ നല്‍കിയിട്ടുള്ളത്. ഇത് അതിവേഗ ഇന്‍-കാര്‍ കണക്ടിവിറ്റിയാണ് നല്‍കുന്നത്. ജിയോ കണക്ടിവിറ്റിയുടെ സഹായത്തോടെ വാഹനത്തിനുള്ളില്‍ ലൈവ് ഇന്‍ഫോടെയ്ന്‍മെന്റ്, ടെലിമാറ്റിക്സ് ഇ-സിം, ഐ.ഒ.ടി. ടെക് തുടങ്ങിയ സംവിധാനങ്ങളും ഈ വാഹനത്തിനുള്ളില്‍ ഒരുക്കുന്നുണ്ട്.

138 ബി.എച്ച്.പി. പവറും 220 എന്‍.എം. ടോര്‍ക്കുമേകുന്ന 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ആസ്റ്ററിന് കരുത്തേകുന്ന ഒരു എന്‍ജിന്‍. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ട്രാന്‍സ്മിഷന്‍ ഒരുക്കും. 108 ബി.എച്ച്.പി. പവറും 144 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും ആസ്റ്റര്‍ എത്തും. ഈ എന്‍ജിനൊപ്പം മാനുവല്‍, എട്ട് സ്പീഡ് സി.വി.ടി. എന്നീ ട്രാന്‍സ്മിഷനുകളും നല്‍കുന്നുണ്ട്. ഡീസല് എഞ്ചിനില്‍ വാഹനം ലഭ്യമല്ല.

ഏഴ് എയർബാഗുകൾ, ഹെഡ്‌ലാമ്പ് കൺട്രോൾ, ബ്ലൈൻഡ് സ്‌പോട്ട് ഡിറ്റക്ഷൻ, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, സ്പീഡ് അസിസ്റ്റ് സിസ്റ്റം, ലൈൻ കീപ് അസിസ്റ്റ്, ഫോർവേഡ് കോളിഷൻ വാണിഗ് എന്നിങ്ങനെ 27 ഫീച്ചറുകളാണ് സുരക്ഷക്കായി ആസ്റ്ററിലുള്ളത്.

സ്പൈസ്‍ഡ് ഓറഞ്ച്, സ്റ്റാരി ബ്ലാക്ക്, അറോറ സിൽവർ, ഗ്ലേസ് റെഡ്, കാൻഡി വൈറ്റ് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത നിറങ്ങളിൽ എംജി ആസ്റ്റർ വാഗ്ദാനം ചെയ്യുന്നു.

എം.ജി. മോട്ടോഴ്‌സ് ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ അവതരിപ്പിച്ച ആസ്റ്റര്‍ എസ്.യു.വിയുടെ വില പ്രഖ്യാപിച്ചു. അടിസ്ഥാന വേരിയന്റായ വി.ടി.ഐ-ടെക് വേരിയന്റിന് 9.78 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഉയര്‍ന്ന വകഭേദമായ ഷാര്‍പ്പ് വേരിയന്റിന് 16.78 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.

എം.ജിയുടെ വാഹനനിരയില്‍ ഹെക്ടര്‍ എസ്.യു.വിയുടെ താഴെയായിരിക്കും ആസ്റ്ററിന്റെ സ്ഥാനം. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, നിസ്സാൻ കിക്ക്സ്, റെനോ ഡസ്റ്റർ തുടങ്ങിയവരാണ് ആസ്റ്ററിന്‍റെ മുഖ്യ എതിരാളികൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker