കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈക്കത്ത് അഞ്ച് ദിവസത്തേക്ക് കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍. ജില്ലയില്‍ നിലവില്‍ ഒന്‍പതു പഞ്ചായത്തുകളിലായി 11 കണ്ടെയിന്‍മെന്റ് സോണുകളാണുള്ളത്. ഈ സാഹചര്യത്തിലാണ് കടകള്‍ അടച്ചിടാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.
അതേസമയം അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശിചിത സമയത്തേക്ക് മാത്രം തുറക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു. കോട്ടയത്ത് കഴിഞ്ഞ ദിവസം 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മത്സ്യമാര്‍ക്കറ്റില്‍ വാഹനങ്ങളില്‍ എത്തിക്കുന്ന മത്സ്യബോക്‌സുകള്‍ ഇറക്കുന്ന രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നത് കനത്ത വെല്ലുവിളിയാണ്. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തതും ആശങ്ക ഉയര്‍ത്തുന്നു.
ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തും അടച്ചുപൂട്ടി. പഞ്ചായത്ത് അംഗങ്ങളോടും ജീവനക്കാരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.