സീരിയലില്‍ നിന്ന് പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി മീര മുരളി

അവതാരകയായി എത്തി തുടര്‍ന്ന് സീരിയലുകളിലും സിനിമയിലും തിളങ്ങിയ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മീര മുരളി. മീര അവസാനമായി എത്തിയത് അരുന്ധതി എന്ന സീരിയലിലാണ്. മെലിഞ്ഞു സുന്ദരിയായ മീര തടിച്ച് പ്രായമായ സ്ത്രീയുടെ രൂപത്തിലാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. മീരയുടെ ഈ മാറ്റം ഏവരേയും ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷമായി മീര അഭിനയ ജീവിതത്തില്‍ നിന്നു പിന്മാറിയിരിക്കുകയാണ്.

ഇപ്പോള്‍ പിന്മാറ്റത്തെക്കുറിച്ചും രൂപമാറ്റത്തെ കുറിച്ചും തുറന്നു പറയുകയാണ് മീര. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മീര ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ”കലാപാരമ്പര്യം ഉള്ള തറവാട് ഒന്നുമല്ല എന്റേത്. പക്ഷേ ചെറുപ്പം മുതലേ അഭിനയ മോഹം ഉണ്ടായിരുന്നു. എന്നെ അഭിനയത്തിലേക്ക് എത്തിച്ചത് ജയന്‍ ചേട്ടനാണ്. അച്ഛന്റെ കസിന്‍ ആണ് അദ്ദേഹം. ജയന്‍ ചേട്ടന്‍ എന്ന് പറഞ്ഞാല്‍ പെട്ടെന്ന് മനസിലാകില്ല. മാനസപുത്രിയിലെ തോബിയാസ് എന്ന് പറഞ്ഞാല്‍ ചേട്ടനെ വേഗം മനസ്സിലാകും.

അഭിനയം വിട്ടു എന്ന് പറയാനാകില്ല. പക്ഷേ ഉടനെ ഒരു മടങ്ങിവരവ് ഇല്ല എന്ന് തന്നെ പറയാം. ഒറ്റ കാരണമാണ് അതിനു പിന്നില്‍ പഠനം. പണ്ട് മുതല്‍ ഉള്ള ആഗ്രഹമാണ് ഫാഷന്‍ ഡിസൈനിങ് പഠിക്കണമെന്നുളളത്. അതിപ്പോള്‍ നടന്നു. ഇപ്പോള്‍ പഠന തിരക്കുകളിലാണ് ഞാന്‍. എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട്, ഇനി അഭിനയത്തിലേക്കില്ലേ എന്ന്, അത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്. പ്രേക്ഷകര്‍ എന്നെ ഇത്രത്തോളം സ്‌നേഹിക്കുന്നുണ്ട് എന്ന് അറിയാന്‍ സാധിച്ചതില്‍. അരുന്ധതി എന്ന കഥാപാത്രത്തിനായിട്ടാണ്, ഞാന്‍ രൂപമാറ്റം വരുത്തിയത്. അരുന്ധതി അല്‍പ്പം മെച്ചുവേര്‍ഡ് ആയ കഥാപത്രമാണ് അതിനു വേണ്ടിയാണ് തടി വച്ചത്. ഇപ്പോള്‍ പഴയ രൂപത്തിലാകാനുള്ള ശ്രമത്തിലാണ്” – മീര പറഞ്ഞു