മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു: മരിച്ചത് തൃക്കൊടിത്താനം സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരി, സ്ഥിരീകരണത്തിന് ഡി.എൻ.എ പരിശോധന
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി കാൻസർ വാർഡിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. ആശുപത്രിയിലും പരിസര പ്രദേശങ്ങളിലും ലോട്ടറി വിറ്റു നടന്നിരുന്ന തൃക്കൊടിത്താനം സ്വദേശിനി പൊന്നമ്മ (55)യാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊന്നമ്മയുടെ മക്കൾ സംഭവ സ്ഥലത്തു നിന്നു ലഭിച്ച വസ്ത്രങ്ങളും, വളയും പൊന്നമ്മയുടെ തിരിച്ചറിഞ്ഞിരുന്നു.എന്നാൽ ഞായറാഴ്ച ഡി.എൻ.എ പരിശോധനയ്ക്ക് ശേഷം മാത്രമേ മരിച്ചത് പൊന്നമ്മയാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി.
അമ്മയെ ഒരാഴ്ചയായി കാണാനില്ലെന്ന പരാതിയുമായി പൊന്നമ്മയുടെ മക്കൾ ആശുപത്രിയിലെ പോലീസ് എയിഡ് പോസ്റ്റിലെത്തിയിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് മകളെ വിളിച്ചു വരുത്തിയ പോലീസ് മൃതദേഹത്തിൽ നിന്ന് ലഭിച്ച വസ്ത്രങ്ങളും , വളയും ഇവരെ കാണിച്ചു. ഇതോടെയാണ് മകൾ മൃതദേഹം പൊന്നമ്മയുടേതാണ് എന്ന സൂചന നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ എട്ടു ദിവസമായി പൊന്നമ്മയെ മെഡിക്കൽ കോളേജ് പരിസരത്ത് കാണാനില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു.
മെഡിക്കൽ കോളേജിലും പരിസരങ്ങളിലും ലോട്ടറി വിറ്റു ജീവിച്ചിരുന്ന പൊന്നമ്മ ലോട്ടറി വിൽപ്പനയ്ക്ക് ശേഷം മിക്ക ദിവസങ്ങളിലും ആശുപത്രി വരാന്തയിൽ തന്നെയാണ് തങ്ങിയിരുന്നതും . ആഴ്ചയിലൊരിക്കൽ മല്ലപ്പള്ളിയിൽ താമസിക്കുന്ന മകളുടെ വീട്ടിലേയ്ക്ക് പോയിരുന്നു. എന്നാൽ അമ്മയെ ഒ രണ്ടാഴ്ചയായി വീട്ടിൽ എത്താതെ വന്നതോടെയാണ് മകൾ പരാതിയുമായി രംഗത്ത് എത്തിയത്. മരിച്ചത് പൊന്നമ്മയാണോ എന്നു സ്ഥിരീകരിയ്ക്കുന്നതിനുള്ള ഡി.എൽ.എ പരിശോധനയ്ക്കായി നാളെ മകളുടെ സാമ്പിൾ ശേഖരിയ്ക്കും.