ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഡി.ഡി ന്യൂസ് കാമറാമാന്‍ യോഗേഷ് ആണ് മരിച്ചത്. ഹൃദയാഘാതം കാരണം ഇന്നലെയാണ് മരണം സംഭവിച്ചത്. ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അണുനശീകരണത്തിനായി ഡി.ഡി ന്യൂസിന്റെ സ്റ്റുഡിയോ താല്‍ക്കാലികമായി അടച്ചു എന്നും റിപ്പോര്‍ട്ടുണ്ട്. വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് യോഗേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7,466 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന നിരക്കാണിത്. രാജ്യത്ത് ആദ്യമാണ് ഏഴായിരത്തിലധികം പേര്‍ക്ക് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നതും.
175 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. നിലവില്‍ രാജ്യത്ത് 1,65,799 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,706 പേര്‍ മരണത്തിന് കീഴടങ്ങി. 71,106 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് മഹാരാഷ്ട്രയിലാണ് കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത്. കൂടുതല്‍ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇവിടെയാണ്. 59,546 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 1,982 പേരാണ് ഇവിടെ മരിച്ചത്.