InternationalNews

നൈജീരിയയിൽ മഹാപ്രളയം, മരണം 500 കടന്നു

അബുജ: മഹാപ്രളയം നൈജീരിയയിൽ കണ്ണീർ വിതയ്ക്കുന്നു. ദിവസങ്ങലായി പെയ്യുന്ന കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കമാണ് നൈജീരിയയെ കണ്ണീരിലാഴ്ത്തുന്നത്. മഹാ പ്രളയത്തിൽ ഇതിനകം അഞ്ഞൂറിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. ഒരു ലക്ഷത്തിലധികം വീടുകൾ വെള്ളത്തിനടിയിലായെന്നാണ് ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. നൈജീരിയയിലെ 36 സംസ്ഥാനങ്ങളിൽ 27 എണ്ണവും മഹാപ്രളയത്തിന്‍റെ ദുരിതം പേറുകയാണ്. 27 സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഏകദേശം 14 ലക്ഷത്തിലേറെ മനുഷ്യരെയാണ് പ്രളയം നേരിട്ട് ബാധിച്ചിട്ടുള്ളത്.

പല സംസ്ഥാനങ്ങളിലും ഭക്ഷണവും ഇന്ധന വിതരണവും രക്ഷാപ്രവ‍ർത്തനവും തടസ്സപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് അധിക‍ൃതർ. ദുരന്തത്തിന്റെ വ്യാപ്തി പ്രതീക്ഷിക്കുന്നതിലും വളരെ വലുതാകാനുള്ള സാധ്യതയാണ് നൈജിരിയൻ അധികൃതർ നൽകുന്നത്. ഇക്കാര്യം നാഷണൽ എമർജൻസി മാനേജ്‌മെന്‍റ് ഏജൻസി ഡയറക്ടർ ജനറൽ മുസ്തഫ ഹബീബ് അഹമ്മദ് പ്രസ്താവനയിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

നൈജീരിയയിൽ നിന്നുള്ള കാഴ്ചകൾ ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്. ജീവന് വേണ്ടി പരക്കംപായുന്ന മനുഷ്യരുടെ കാഴ്ചയാണ് ഏവിടെയും. വലിയ തോതിലുള്ള നഷ്ടമാണ് രാജ്യത്തിന് ഉണ്ടായിരിക്കുന്നത്. പല നഗരങ്ങളിലെയും വ്യാപര സ്ഥാപനങ്ങൾ വെള്ളത്തിനടിയിലായി. ബസുകളും കാറുകളുമടക്കം വെള്ളത്തിൽ ഒഴുകി നടക്കുന്ന കാഴ്ചയും പലരും പങ്കുവച്ചിട്ടുണ്ട്.

അതേസമയം മഹാപ്രളയത്തിന്‍റെ വ്യാപ്തി വലുതാക്കിയത് അയൽരാജ്യമായ കാമറൂണാണെന്ന വിമർശനമാണ് നൈജീരിയ ഉന്നയിക്കുന്നത്. പതിവിലും കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം ആദ്യം മുതലെ ശക്തമായിരുന്നെങ്കിലും കാമറൂണിലെ ലാഗ്ഡോ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടത് പ്രശ്നം സങ്കീർണമാക്കിയെന്നാണ് നൈജീരിയയുടെ പക്ഷം. ലാഗ്ഡോ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് എത്തിച്ചതെന്നും അവർ പറയുന്നു. മഹാപ്രളയത്തിൽ നിന്ന് രക്ഷയ്ക്കായി ലോകരാജ്യങ്ങളോട് നൈജീരിയ സഹായം അഭ്യർഥിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker