മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ വേണ്ടത് 1600 കിലോ സ്ഫോടക വസ്തുക്കള്‍
കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ വേണ്ടത് 1600 കിലോ സ്ഫോടക വസ്തുക്കള്‍. നിയന്ത്രിക സ്ഫോടനത്തിലൂടെ അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ എന്ന സ്ഫോടകവസ്തുക്കളാണ് ഇതിന് ഉപയോഗിക്കുക. ജെയിന്‍ കോറല്‍കോവ് പൊളിക്കുന്നതിനാണ് കൂടുതല്‍ സ്ഫോടക വസ്തു വേണ്ടത്. 700 കിലോയാണ് ഇതിന് ഉപയോഗിക്കുക. ഹോളിഫെയ്ത്തിന് 400 കിലോയും ആല്‍ഫ സെറീന് 300ഉം ഗോള്‍ഡന്‍ കായലോരത്തിന് 200 കിലോയുമാണ് ആവശ്യമായി വരിക. പ്രത്യേക വാഹനത്തിലാണ് സ്ഫോടക വസ്തുക്കള്‍ കൊണ്ടു വരിക. ഇതിന് ജില്ലാ കളക്ടറുടെ അനുമതി വാങ്ങും.
തൂണുകളില്‍ ദ്വാരങ്ങളുണ്ടാക്കിയാണ് സ്ഫോടക വസ്തുക്കളും വയറുകളും നിറയ്ക്കുക. ദ്വാരങ്ങളെ പരസ്പരം ബന്ധിപ്പിക്കും. വൈദ്യുതിയുമായി ബന്ധിപ്പിച്ച് സ്ഫോടനത്തിന് തുടക്കം കുറിച്ചാല്‍ ആറ് സെക്കന്‍ഡിനുള്ളില്‍ കെട്ടിടം തകരും. കെട്ടിടത്തിന്റെ 200 മീറ്ററിനുള്ളവരെ ഒഴിപ്പിക്കും. ദേശീയപാതിയും കെട്ടിടങ്ങള്‍ക്ക് സമീപത്തുള്ള റോഡുകളിലും ഗതാഗതം തടയും. പെട്രോളിയം ആന്‍ഡ് എക്സ്പ്ലൊസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ നിര്‍ദേശപ്രകാരം രണ്ട് ദിവസമായാണ് നാല് കെട്ടിടങ്ങള്‍ പൊളിക്കുക.
ജനുവരി 11,12 തീയതികളില്‍ തകര്‍ക്കുവാനാണ് ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചത്. ഫ്‌ളാറ്റുകള്‍ പൊളിച്ച് സര്‍ക്കാര്‍ ജനുവരി 9 ഓടെ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നായിരുന്നു മുന്‍ തീരുമാനം. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ നടപടി വൈകുന്നത് സുപ്രീം കോടതിയെ ധരിപ്പിക്കും.