മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണം; വിധിയില്‍ ഉറച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: എറണാകുളം മരട് മുനിസിപ്പാലിറ്റിയില ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കണമെന്ന വിധിയില്‍ ഉറച്ച് സുപ്രീംകോടതി. വിധിക്കെതിരേ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. ഇതോടെ നൂറിലധികം കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റുകള്‍ നഷ്ടപ്പെടുമെന്ന് ഉറപ്പായി. ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കല്യാണ്‍ ബാനര്‍ജിയോട് ജസ്റ്റിസ് അരുണ്‍ മിശ്ര പൊട്ടിത്തെറിച്ചു. കൊല്‍ക്കത്ത ബന്ധം ഉപയോഗിച്ച് തന്നെ സ്വാധീനിക്കാന്‍ ആണോ കല്യാണ്‍ ബാനര്‍ജിയെ ഹാജറാക്കിയതെന്ന് ജസ്റ്റിസ് മിശ്ര ചോദിച്ചു. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി അറിയാമെന്നും കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമമാണ് നടന്നതെന്നും അരുണ്‍ മിശ്ര പറഞ്ഞു. പരിഗണിക്കാന്‍ ഒന്നിലധികം തവണ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുന്‍പാകെ ഉന്നയിച്ചത് ധാര്‍മ്മികതയ്ക്കും നിരക്കാത്തതാണ്. പണം ലഭിച്ചാല്‍ അഭിഭാഷകര്‍ക്ക് എല്ലാം ആയോ എന്നും ഇവര്‍ക്ക് പണം മാത്രം മതിയോ എന്നും കോടതി നിരീക്ഷിച്ചു.
തീരദേശ പരിപാലന ചട്ടം ലംഘിച്ചു നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. അനധികൃത നിര്‍മാണങ്ങള്‍ കാരണം ഇനിയും കേരളത്തിനു പ്രളയവും പേമാരിയും താങ്ങാനാവില്ലെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫാ വെഞ്ചേഴ്‌സ് എന്നിവയ്‌ക്കെതിരേയായിരുന്നു നടപടി. ഫ്‌ളാറ്റുടമകള്‍ക്ക് അനുകൂലമായുള്ള ഹൈക്കോടതി ഉത്തരവിനെതിരേ കേരള തീരദേശ പരിപാലന അഥോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇതിനെതിരെ ഹര്‍ജിക്കാര്‍ അവധിക്കാല ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു.