മരടിലെ അപ്പാര്‍ട്ടുമെന്റുകള്‍ പൊളിക്കണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്യണം; സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി താമസക്കാര്‍
ന്യൂഡല്‍ഹി: കൊച്ചി മരടിലെ അപ്പാര്‍ട്ട്മെന്റുകള്‍ പൊളിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി താമസക്കാര്‍. ആല്‍ഫാ സെറീന്‍ അപ്പാര്‍ട്മെന്റിലെ 32 താമസക്കാരാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
അപ്പാര്‍ട്മെന്റുകള്‍ പൊളിച്ചു മാറ്റണമെന്ന വിധി സ്വാഭാവിക നീതിയുടെ ലംഘനമെന്നും നിയമ ലംഘനം ആദ്യം പരിശോധിക്കേണ്ടത് മന്ത്രാലയമാണ് കോടതി അല്ലെന്നും ഹരജിയില്‍ പറയുന്നു.
താമസക്കാരെ കേസില്‍ കക്ഷി ചേര്‍ത്തിട്ടില്ലെന്നും താമസക്കാരുടെ വാദം കേള്‍ക്കാതെയുള്ള വിധി ഏകപക്ഷീയമെന്നും ഹരജിക്കാരന്‍ പറയുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ ഒന്നാം കക്ഷി ആക്കിയാണ് റിട്ട് ഹര്‍ജി. ഹര്‍ജി ജസ്റ്റിസ് ഇന്ദിരാബാനര്‍ജി അധ്യക്ഷയായ സുപ്രീംകോടതി ബഞ്ച് തിങ്കളാഴ്ച പരിഗണിക്കും. അപ്പാര്‍ട്മെന്റുകള്‍ പൊളിച്ചു മാറ്റാന്‍ കോടതി നിശ്ചയിച്ച സമയപരിധി ഇന്ന് അവസാനിക്കാന്‍ ഇരിക്കെയാണ് താമസക്കാരുടെ ഹര്‍ജി.
തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഒരു മാസത്തിനകം അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ഹോളി ഫെയ്ത്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിംഗ് എന്നീ അപ്പാര്‍ട്‌മെന്റുകളാണ് പൊളിക്കാന്‍ ഉത്തരവിട്ടത്.