ശക്തമായ തിരിച്ചടി നല്‍കാന്‍ മാവോയിസ്റ്റുകള്‍ തയ്യാറെടുക്കുന്നു; വയനാട്ടില്‍ കനത്ത ജാഗ്രത
വയനാട്: അട്ടപ്പാടിയിലെ ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് സംഘം വധിച്ചതില്‍ പ്രതിഷേധിച്ച് മാവോയിസ്റ്റുകള്‍ തിരിച്ചടിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം. ഇതിനിടെ വൈത്തിരി മേഖലയില്‍ നിന്ന് ആയുധമേന്തിയ രണ്ട് പേരെ കണ്ടെത്തിയതിനെതുടര്‍ന്ന് പോലീസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് തെരച്ചില്‍ നടത്തി.
കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് വയനാട് ജില്ലാ കവാടത്തിന് സമീപത്ത് വച്ച് രണ്ട് പേരെ മുഖം മറച്ചനിലയില്‍ കണ്ടെത്തിയത്. ഇതില്‍ ഒരാളുടെ കൈവശം തോക്കുമുണ്ടായിരുന്നു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പോലീസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംഭവത്തില്‍ വൈത്തിരി പോലീസ് കേസെടുത്തു.
അട്ടപ്പാടി ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് മാവോയിസ്റ്റ് സാന്നിധ്യമുളള വയനാട് ജില്ല. മാവോയിസ്റ്റുകള്‍ തിരിച്ചടിക്കാനുളള സാധ്യതകള്‍ ഏറെയുളളതിനാല്‍ പോലീസിനും വനംവകുപ്പിനും മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജില്ല പോലീസ് മേധാവി ജാഗ്രതാ നിര്‍ദേശം നല്‍കി. വനമേഖലയോട് ചേര്‍ന്ന് പ്രവര്‍ത്തുന്ന സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരോട് ജാഗ്രതപാലിക്കാന്‍ ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുളള തിരുനെല്ലി,പുല്‍പ്പളളി,തലപ്പുഴ,മേപ്പാടി,വെളളമുണ്ട പോലീസ് സ്റ്റേഷനുകളില്‍ കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളെയും നിയോഗിച്ചു.