കരിങ്കല്‍ ക്വാറിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ മോഷണം പോയി; പിന്നില്‍ മാവോയിസ്റ്റുകളെന്ന് സംശയം
നെടുങ്കണ്ടം: കരിങ്കല്‍ ക്വാറിയില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ മോഷണം പോയതായി പരാതി. കേരള-തമിഴ്നാട് അതിര്‍ത്തി വനമേഖലയിലെ ചതുരംഗപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ നിന്നാണ് ജലറ്റിന്‍ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും അടക്കമുള്ള 1000 സ്ഫോടകവസ്തുക്കും പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന വെടിക്കോപ്പുകളും കാണാതായത്. ഇവയില്‍ 800 ജലറ്റിന്‍ സ്റ്റിക്കുകളും 200 ഡിറ്റനേറ്ററുകളും പാറ പൊട്ടിക്കുന്ന വിവിധ തരത്തിലുള്ള വെടിക്കോപ്പുകളുമുണ്ടെന്നാണ് പരാതിയില്‍ പറയുന്നു.
സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. പോലീസ് പരിശോധനയില്‍ സംഭവസ്ഥലത്തുനിന്നും രണ്ടുപേരുടെ ബൂട്ട് പ്രിന്റുകളും തമിഴ്നാട് വനമേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കടലാസ് കഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച ഡിറ്റനേറ്ററുകളും മറ്റും വനത്തിനുള്ളിലേക്കു കടത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. കരിങ്കല്‍ ക്വാറി ഉടമയുടെ പരാതിയെത്തുടര്‍ന്നു ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
പാറമടയ്ക്കു സമീപം 200 മീറ്റര്‍ മാറി സ്ഫോടകവസ്തുക്കള്‍ ശേഖരിച്ചിരുന്ന മുറിയുടെ പൂട്ടു തകര്‍ത്താണു സ്ഫോടക വസ്തുക്കള്‍ മോഷ്ടിച്ചത്. സംഭവം നടന്ന ദിവസം പുലര്‍ച്ചെ 2 ബൈക്കുകളില്‍ 4 പേരും തൊട്ടുപിന്നിലായി ഒരു ജീപ്പും പാറമടയില്‍ എത്തിയതായി ഒരു വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ ഒരു മണിക്കൂറിനു ശേഷം മടങ്ങിപ്പോയതായും ഈ ദൃശ്യങ്ങളിലുണ്ട്.