‘എനിക്ക് മലയാളം വായിക്കാന്‍ അറിയില്ല’! വാസു അണ്ണന്‍ ട്രോളുകളില്‍ മന്യ പറഞ്ഞത് കാണാം
കൊച്ചി:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുഞ്ഞിക്കൂനന്‍ സിനിമയിലെ വാസു അണ്ണന്‍ ട്രോളുകള്‍കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. ദിലീപ് ചിത്രത്തിലെ സായികുമാര്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിന്റെ പേരാണ് വാസു. കുഞ്ഞിക്കൂനനില്‍ നടി മന്യ അവതരിപ്പിച്ച ലക്ഷ്മി എന്ന കഥാപാത്രവും വാസുവും തമ്മിലുളള വിവാഹമായിരുന്നു ട്രോളുകളില്‍ നിറഞ്ഞത്. മന്യയുടെ വിവാഹ ഫോട്ടോ എഡിറ്റ് ചെയ്ത് അതില്‍ സായി കുമാറിന്റെ മുഖമാക്കി മാറ്റുകയായിരുന്നു ട്രോളന്മാര്‍. ഈ ട്രോളുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയെല്ലാം വാസു അണ്ണന്‍ ട്രോളുകള്‍കൊണ്ട് നിറഞ്ഞിരുന്നു. ട്രോളുകള്‍ വൈറലായതോടെ ആദ്യം ഇതിനെ തമാശരൂപത്തില്‍ പിന്തുണച്ചുകൊണ്ടായിരുന്നു മന്യ എത്തിയിരുന്നത്. എന്നാല്‍ ചിത്രത്തിലെ അതിക്രൂരനായ വില്ലന്‍ കഥാപാത്രത്തെ ട്രോള്‍ രൂപത്തില്‍ ആഘോഷിക്കുന്നതിനെ വിമര്‍ശിച്ച് നിരവധി പേര്‍ എത്തിയിരുന്നു. ഇപ്പോഴിതാ വാസു അണ്ണന്‍ ട്രോളുകളില്‍ വീണ്ടും പ്രതികരണവുമായി മന്യ എത്തിയിരിക്കുകയാണ്.
തനിക്ക് മലയാളം വായിക്കുവാന്‍ അറിയില്ലെന്നും അതുകൊണ്ട് തന്നെ ആ ട്രോളുകളില്‍ എന്താണ് എഴുതിയത് എന്ന് മനസിലായിരുന്നില്ലെന്നും നടി പറയുന്നു. നന്ദി നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും പ്രാര്‍ത്ഥനയ്ക്കും. എനിക്ക് മലയാളം വായിക്കുവാന്‍ അറിയില്ല. അതുകൊണ്ട് തന്നെ ആ ട്രോളുകള്‍ എനിക്ക് മനസിലായതുമില്ല. ഈ പ്രശ്‌നം എത്രയും പെട്ടെന്ന് തീരട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
എല്ലാ ട്രോളുകളും ഞാന്‍ കണ്ടിരുന്നില്ല. ആകെ കണ്ടത് ആ കുടുംബ ചിത്രമാണ്. എന്നാല്‍ ഇത് വലിയ സാമൂഹിക പ്രശ്‌നമാകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല, മന്യ പറഞ്ഞു. അതേസമയം വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു മന്യ. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്. വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു.