ജെ.എന്‍.യുവിലെ മുഖങ്ങള്‍ ഞെട്ടിച്ചുവെന്ന് മഞ്ജു വാര്യര്‍; ക്രൂരതയുടെ അങ്ങേയറ്റമെന്ന് നവിന്‍ പോളി
കൊച്ചി: ജെ.എന്‍.യുവില്‍ മുഖംമൂടി ഗുണ്ടാസംഘം നടത്തിയ ആക്രമണത്തെ അപലപിച്ച് നടി മഞ്ജു വാര്യരും നടന്‍ നിവിന്‍ പോളിയും. സമൂഹമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പിലായിരുന്നു ഇരുവരുടെയും പ്രതികരണം. ജെഎന്‍യുവിലെ അക്രമം മൃഗീയവും പേടിപ്പെടുത്തുന്നതുമാണെന്നു പറഞ്ഞ നിവിന്‍ പോളി കുറിച്ചു. ഇത് ക്രൂരതയുടെ അങ്ങേയറ്റമാണെന്നും കുറ്റപ്പെടുത്തി. വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ചവരെ എത്രയും വേഗം ശിക്ഷിക്കണമെന്നും ഇതിനെതിരേ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും നിവിന്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു.
ജെഎന്‍യുവില്‍നിന്നുള്ള മുഖങ്ങള്‍ ഞെട്ടിച്ചെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ജെഎന്‍യു രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവിടെ പുറത്തുനിന്നുള്ളവര്‍ കൂടി ചേര്‍ന്നു ഇരുളിന്റെ മറവില്‍ അക്രമം നടത്തുന്നുവെന്നു പറയുമ്പോള്‍ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ലെന്നു മഞ്ജു വ്യക്തമാക്കി.