ഇതാണ് ഭൂമിയുടെ മധ്യം! മഞ്ജരിയുടെ ജഡായുപ്പാറ സന്ദര്‍ശന ചിത്രങ്ങള്‍ വൈറലാകുന്നു
കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ കേരള ടൂറിസം ഭൂപടത്തില്‍ ഇടംനേടിയിട്ട് നാളുകളായി. വിദേശികളടക്കം നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. എന്നാല്‍ മലയാളത്തിന്റെ പ്രിയ ഗായിക മഞ്ജരി ജഡായുപ്പാറ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ഭൂമിയുടെ കേന്ദ്രം എന്നാണ് മഞ്ജരി ജടായുപ്പാറയെ വിശേഷിപ്പിച്ചിരിക്കുന്നത്. പിങ്ക് ടോപ്പും കറുത്ത ജെഗ്ഗിന്‍സുമണിഞ്ഞാണ് മഞ്ജരി ജഡായുപ്പാറ സന്ദര്‍ശിക്കാന്‍ പോയത്.
ഭൂമിയുടെ മധ്യമാണിത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്ന്. ഈ മനോഹരമായ ടൂറിസ്റ്റ് കേന്ദ്രം കാണാന്‍ തീര്‍ച്ചയായും സമയം കണ്ടെത്തണം. ലോകത്തിലെ ഏറ്റവും വലിയതും അദ്ഭുതകരവുമായ പക്ഷി പ്രതിമ സ്ഥിതി ചെയ്യുന്ന ഇവിടത്തെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാഴ്ചകള്‍ നിങ്ങളെ അതിശയഭരിതരാക്കുമെന്ന് എനിക്കുറപ്പുണ്ട്. ഒപ്പം വീട്ടിലേക്ക് മടങ്ങിപ്പോരുമ്പോള്‍ മനസ്സു നിറയുന്ന സമാധാനത്തിന്റെ നിമിഷങ്ങള്‍ ഒപ്പം കൊണ്ടു പോരാമെന്നും മഞ്ജരി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിക്കുന്നു.
ആയിരം അടി ഉയരമുള്ള പാറയുടെ മുകളില്‍ നിര്‍മിക്കുന്ന ജടായുവിന്റെ ശില്‍പ്പം ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമാണ്. സിനിമാ സംവിധായകനും ശില്‍പ്പിയുമായ രാജീവ് അഞ്ചലാണ് ഈ കൗതുകത്തിന്റെ സ്രഷ്ടാവ്. പ്രതിമയുടെ ഉള്‍ഭാഗം ബഹുനിലകളുള്ള കെട്ടിടത്തിന്റെ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. അതിന്റെ ചുമരുകള്‍ വലിയ സ്‌ക്രീനുകളാണ്. സീതാപഹരണ കഥ 6ഡി ഇമേജാണ് പടുകൂറ്റന്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുക. മൂന്നാം നിലയില്‍ ജഡായുവിന്റെ കണ്ണിന്റെ ദ്വാരത്തിലെത്തുമ്പോള്‍ 360 ഡിഗ്രി ആംഗിളില്‍ മലനാടിന്റെ ഭംഗി കണ്ടാസ്വദിക്കാം.
https://www.instagram.com/p/B4EYsZKDrqq/?utm_source=ig_web_copy_link