പി.ജെ.ജോസഫ് കക്ഷി നേതാവായി തുടരുന്നതില്‍ എതിര്‍പ്പില്ലെന്ന് ജോസ് കെ മാണി വിഭാഗം,നിയമനടപടിയ്‌ക്കൊരുങ്ങി ജോസഫ് വിഭാഗം
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പിളര്‍ന്ന് രണ്ട് കഷണമായെങ്കിലും നിയമസഭയില്‍ കക്ഷി നേതാവ് പി.ജെ.ജോസഫ് തന്നെയാന്ന് ജോസ് കെ മാണി വിഭാഗം.പാര്‍ട്ടി നിയമപരമായി രണ്ടാകും വരെ നിയമസഭയിലെ സംവിധാനം തുടരാനാണ് തീരുമാനം. കക്ഷി നേതാവെന്ന രീതിയില്‍ ജോസഫ് തന്നെ മുന്‍നിരയില്‍ ഇരിയ്ക്കും ഇതില്‍ ജോസ് കെ മാണി വിഭാഗത്തിലെ എം.എല്‍.എ മാര്‍ എതിര്‍പ്പു പ്രകടിപ്പിയ്ക്കില്ല.
പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്ന് പാര്‍ലമെണ്ടറി പാര്‍ട്ടി നേതാവിനെ ഉടന്‍ തെരഞ്ഞെടുക്കുമെന്ന് ജോസ് കെ മാണി വിഭാഗം എം.എല്‍.എമാരായ റോഷി അഗസ്റ്റിനും എന്‍.ജയരാജും അറിയിച്ചു.ഇതിനുള്ള സമയം ജോസ് കെ മാണി നിശ്ചയിക്കും.മാണി ഗ്രൂപ്പിന് നിലവില്‍ അഞ്ച് എം.എല്‍.എ മാരുണ്ട്. ഇതില്‍ രണ്ടു പക്ഷമില്ല, നാലിലൊന്ന് എം,എല്‍.എമാര്‍ പങ്കെടുത്താല്‍ പാര്‍ലമെണ്ടറി പാര്‍ട്ടിയോഗം ചേരാനാവുമെന്നും ഇരുവരും അറിയിച്ചു.
വിഷയത്തില്‍ വിശദമായ നിയമോപദേശം തേടാനാണ് ജോസഫ് ഗ്രൂപ്പിന്റെ തീരുമാനം.ഇതിന് മുന്നോടിയായി പി.ജെ.ജോസഫ്,സി.എഫ്.തോമസ്,മോന്‍സ് ജോസഫ് എന്നിവര്‍ കൂടിക്കാഴ്ച നടത്തി.
പാര്‍ട്ടിയില്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തെന്ന ചൂണ്ടിക്കാട്ടി റോഷി അഗസ്റ്റിന്‍ എം.എല്‍.എ സ്പീക്കര്‍ക്ക് കത്തു നല്‍കും. എന്നാല്‍ കത്തു നല്‍കിയാല്‍ ജോസഫ് ഗ്രൂപ്പ് ഇക്കാര്യത്തിലെ വിയോജിപ്പ് സ്പീക്കറെ അറിയിക്കും.ഇത് വലിയ നിയമക്കുരുക്കിലേക്കാവും കാര്യങ്ങള്‍ കൊണ്ടെത്തിയ്ക്കും.
പാര്‍ട്ടി പിളര്‍ന്നെങ്കിലും നേതാക്കള്‍ക്കടക്കം തിരിച്ചുവരാന്‍ അവസരം ഉണ്ടെന്ന് പി.ജെ.ജോസഫ് ഇന്നലെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ എം.എല്‍.എമാരടക്കമുള്ള നേതാക്കന്‍മാര്‍ക്കെതിരെ ഉടന്‍ നടപടി എടുത്തേക്കില്ല. മറിച്ച് ജില്ലാ ഭാരവാഹികള്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.പാര്‍ട്ടിയില്‍ പൊട്ടിത്തെറി തുടരുമ്പോള്‍ ഇരു മുന്നണിയിലെയും നേതാക്കള്‍ ഇരു പക്ഷവുമായും ആശയം വിനിമയം നടത്തുന്നതായും സൂചനകളുണ്ട്.