ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കാണാന്‍ പോയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി!
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ തേടിപ്പോയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. യുവാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച യുവതിയും സഹായിയും അറസ്റ്റില്‍. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. ഫേസ്ബുക്കിലൂടെ തന്ത്രപൂര്‍വം ബന്ധം സ്ഥാപിച്ച ശേഷം യുവതി യുവാവിനെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു.
തുടര്‍ന്ന് വീട്ടിലെത്തിയ യുവാവിനെ യുവതിയും സഹായിയും ചേര്‍ന്ന് ബന്ദിയാക്കുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെടുകയുമായിരുന്നു. കടല്ലൂരില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനായാണ് യുവതിയുടെ കെണിയില്‍പ്പെട്ടത്. യുവതിയുടെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട യുവാവ് പോലീസില്‍ വിവരം അറിയിച്ചതോടെയാണ് തട്ടിപ്പുകാര്‍ കുടുങ്ങിയത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഫോണിലൂടെ കൂടൂതല്‍ അടുത്ത യുവതി തന്നെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്നതാണ് യുവാവിന്റെ പരാതി. വീട്ടില്‍ ബന്ദിയാക്കിയ യുവാവിന്റെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി അപമാനിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തു എന്നതിന്റെ പേരില്‍ ഒരു ലക്ഷം രൂപ അക്രമി സംഘം ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ടു പ്രതികളെയാണ് പോലീസ് പിടികൂടിയത്.
ഫോണിലൂടെ അടുത്ത യുവതിയെ കാണാന്‍ ട്രിച്ചിയില്‍ വരാന്‍ മറ്റൊരാള്‍ യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ഇരുചക്ര വാഹനത്തില്‍ ട്രിച്ചിയില്‍ എത്തിയ യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പ് ഫേസ്ബുക്കിലൂടെയാണ് ബിരുദ വിദ്യാര്‍ത്ഥി യുവതിയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഫോണിലൂടെ ഇരുവരും തമ്മിലുള്ള ബന്ധം വളരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
യുവതി തനിക്ക് അയച്ച സന്ദേശങ്ങളും ചിത്രങ്ങളും ഇതിനിടയില്‍ അക്രമി സംഘം മൊബൈലില്‍ നിന്ന് നീക്കം ചെയ്തുവെന്ന് യുവാവ് പറഞ്ഞു. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച യുവതിയെ കാജമലൈയില്‍ നിന്നാണ് പിടികൂടിയത്.