റാന്നി:അലമാര വെട്ടിപ്പൊളിച്ച് പത്ത് പവൻ സ്വർണാഭരണവും ശമ്പളവും മോഷ്ടിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. റാന്നി പുതുശേരിമലയിൽ ഫിറോസ് നിവാസിൽ റഹിമാണ്( 65 ) അറസ്റ്റിലായത്. മോഷണവിവരം അറിഞ്ഞ് പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധിച്ചപ്പോള്‍ ‘ഞാൻ പോകുന്നു’ എന്നെഴുതിയ ഒരു കത്ത് കിട്ടിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യ ജോലിക്ക് പോയ സമയം സ്വർണ്ണവും പണവും മോഷ്ടിച്ചത് ഭർത്താവാണെന്ന് വെളിപ്പെട്ടത്. ഇയാൾ പകുതി സ്വർണ്ണാഭരണങ്ങൾ വിൽക്കുകയും പകുതി പല സ്ഥാപനങ്ങളിൽ പണയം വെക്കുകയും ചെയ്തതായി തെളിഞ്ഞു.
മോഷണത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയാണ് ഇയാൾ ഒളിവിൽ പോയത്. അതേസമയം, ഇയാള്‍ പോയ സ്ഥലത്തെ ഒരാളുടെ മൊബൈൽ ഉപയോഗിച്ച് ബന്ധുവിനെ വിളിച്ചത് കേസില്‍ വഴിത്തിരിവാകുകയായിരുന്നു. ആറ്റിങ്ങലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതി പത്ത് ദിവസത്തിനുളളിൽ 50,000 രൂപ ചിലവാക്കിയതായി പോലീസ് പറഞ്ഞു. ഇയാളുടെ പക്കൽ നിന്ന് ഒരു ലക്ഷം രൂപ കണ്ടെടുത്തു. പോലീസ് അറസ്റ്റ് ചെയ്തത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.