മകന്‍ ആത്മഹത്യ ചെയ്തത് വാളയാര്‍ കേസില്‍ പോലീസ് കുടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്; പൊട്ടിക്കരഞ്ഞ് ഒരമ്മ
പാലക്കാട്: വാളയാര്‍ കേസില്‍ പോലീസ് നിരപരാധിയായ യുവാവിനെ പ്രതിയാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ആരോപണം. കേസില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത ജോണ്‍ പ്രവീണിനെയാണ് കേസില്‍ കുടുക്കാന്‍ പോലീസ് ശ്രമം നടത്തിയത്. ഇത് സാധൂകരിക്കുന്നതാണ് ജോണ്‍ പ്രവീണിന്റെ ആത്മഹത്യ കുറിപ്പും അമ്മ എലിസബത്തിന്റെ മൊഴിയും. പ്രവീണിനെ പോലീസ് അന്യായമായി കസ്റ്റഡിയില്‍ വെച്ചെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും അമ്മ എലിസബത്ത് റാണി ആരോപിക്കുന്നുണ്ട്. കേസിലെ പ്രധാന പ്രതിയുടെ സുഹൃത്തായിരുന്ന പ്രവീണ്‍, പ്രതി ചേര്‍ക്കപ്പെടുകയോ രേഖകളില്‍ പരാമര്‍ശിക്കപ്പെടുകയോ ചെയ്യാത്തയാളായിരുന്നു. പ്രവീണിനെ അന്യായമായി കസ്റ്റഡിയിലെടുത്ത പോലീസ് മകന്‍ സ്റ്റേഷനിലില്ല എന്നുപറഞ്ഞ് തന്നെ തിരിച്ചയയ്ക്കാന്‍ ശ്രമിച്ചിരുന്നെന്നും എലിസബത്ത് സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.
ഇളയ പെണ്‍കുട്ടിയുടെ മരണശേഷമാണ് പ്രവീണിനെ അന്നത്തെ കസബ സിഐ കസ്റ്റഡിയിലെടുത്തത്. പിറ്റേന്നു മകനെ അന്വേഷിച്ച് സ്റ്റേഷനിലെത്തിയപ്പോള്‍ അങ്ങനെയൊരാളെ കൊണ്ടുവന്നിട്ടില്ലെന്നായിരുന്നു മറുപടി. എന്നാല്‍ കരഞ്ഞ് കാലുപിടിച്ചതോടെ സിഐ വരുമ്പോള്‍ കാണിക്കാമെന്നായി. ഒടുവില്‍ സിഐ എത്തിയപ്പോള്‍ മുറിയില്‍ അടച്ചിട്ടിരുന്ന പ്രവീണിനെ തന്റെ കൂടെ അയച്ചെന്നും എലിസബത്ത് വെളിപ്പെടുത്തി.
രക്തം തടിച്ചുകിടന്ന ഉള്ളംകാലുകള്‍ കാണിച്ച്, എനിക്കിനി ജോലിക്കു പോകാന്‍ കഴിയില്ലമ്മേ എന്നുപറഞ്ഞ് അവന്‍ കരഞ്ഞിരുന്നെന്നും എലിസബത്ത് പറയുന്നു. ‘ദിവസങ്ങള്‍ക്കു ശേഷം പ്രധാന പ്രതിയുടെ സഹോദരന്‍ വീട്ടിലെത്തി പ്രവീണിനെ കൂട്ടിക്കൊണ്ടുപോയി. മൂന്നുദിവസത്തിനു ശേഷം തിരിച്ചെത്തിയപ്പോള്‍ കുറ്റമേല്‍ക്കാന്‍ നിര്‍ബന്ധിച്ചെന്നു പറഞ്ഞ് അവന്‍ പൊട്ടിക്കരഞ്ഞു. പിറ്റേന്ന് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാവിലെ ഞാന്‍ പണിക്കു പോയ സമയത്ത് അവന്‍ ജീവനൊടുക്കി.’- എലിസബത്ത് പറഞ്ഞു. ഒരു തെറ്റും ചെയ്യാതെ നാട്ടുകാരുടെ മുന്നില്‍ ഞാന്‍ അപമാനിക്കപ്പെട്ടു. ഇനി വയ്യ. എന്റെ മരണത്തിന് ആരും കാരണമല്ല. എന്റെ വീട്ടുകാരെ ഉപദ്രവിക്കരുത്.- പ്രവീണ്‍ അവസാനമെഴുതിയ കുറിപ്പ് അമ്മയുടെ കൈയില്‍ ഇപ്പോഴുമുണ്ട്.