
ഭോപ്പാൽ: ലഹരി മരുന്നിന് അടിമയായ ചെറുമകൻ ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കി. ചെറുമകന്റെ ചിതയിൽ ചാടി ജീവനൊടുക്കി 65കാരൻ. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. ശനിയാഴ്ച രാത്രിയാണ് 65കാരൻ ചെറുമകന്റെ ചിതയിൽ ചാടി ആത്മഹത്യ ചെയ്തത്. സിദ്ധി ജില്ലയിലെ ബഹാരിയുടെ സമീപ ഗ്രാമായ സിഹോലിയയിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്.
അഭയ് രാജ് യാദവ് എന്ന 34കാരൻ ഭാര്യ 30കാരിയായ സവിത അഭയ് രാജിന്റെ മുത്തച്ഛൻ 65കാരൻ രാം അവ്താർ യാദവ് എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചത്. സവിതയെ വെള്ളിയാഴ്ചയാണ് അഭയ് ആക്രമിച്ച് കൊലപ്പെടുത്തിയത്. അറസ്റ്റ് ഭയന്ന് അഭയ് മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.
ഇയാളുടെ സംസ്കാര ചടങ്ങിൽ രാം അവ്താർ യാദവ് പങ്കെടുത്തിരുന്നില്ല. എന്നാൽ സംസ്കാര ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാർ 65കാരനെ കാണാതെ നടത്തിയ അന്വേഷണത്തിലാണ് ചെറുമകന്റെ ചിതയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തിയത്.
പാതിയിലേറെ കത്തിക്കരിഞ്ഞ നിലയിലാണ് 65കാരനെ ബന്ധുക്കൾ ചെറുമകന്റെ ചിതയിൽ കണ്ടെത്തിയത്. കഫ് സിറപ്പ് അഡിക്ഷനും ലഹരി വസ്തുക്കളുടെ ഉപയോഗവും ഉപേക്ഷിക്കണമെന്ന ആവശ്യത്തേ തുടർന്ന് ഏറെ നാളുകളായി യുവദമ്പതികൾ തമ്മിൽ തർക്കം പതിവായിരുന്നു. ഇതിന് ഒടുവിലായിരുന്നു സവിതയെ യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്.