കോട്ടയം: കൊവിഡ് രോഗലക്ഷണങ്ങളുമായി കോട്ടയം ജില്ലാ ആശുപത്രിയിലെത്തിയ ഇതര സംസ്ഥാനക്കാരനെ സാമ്പിള്‍ ശേഖരിച്ച ശേഷം റോഡരികില്‍ ഇറക്കിവിട്ടു. തെരുവോരത്ത് പ്ലാസ്റ്റിക് ഷീറ്റ് മറച്ച് കെട്ടി താമസിച്ച ഇയാളെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സമീപ വീടുകളെ ആശ്രയിച്ചാണ് ഇയാള്‍ റോഡരികില്‍ കഴിഞ്ഞത്.
ആഗ്രയില്‍ നിന്ന് ഇന്നലെ കോട്ടയത്ത് എത്തിയ യുവാവ് പനി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളോടെയാണ് ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ച ശേഷം ഇയാളെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ആക്കാതെ, 101 കവലയില്‍ ഇറക്കിവിട്ടു. പ്രതിമ വില്‍പ്പന നടത്തിയിരുന്ന യുവാവ് ഇന്നലെ മുതല്‍ റോഡരികിലെ കുടിലിലാണ് കഴിഞ്ഞത്. ആഹാരത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കും ഉള്‍പ്പെടെ സമീപവാസികളെയും, ഹോട്ടലുകളുടെയും ആശ്രയിച്ചു. പ്രദേശവാസികള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.
യുവാവിനെ എം.ജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കോട്ടയം എം.പി തോമസ് ചാഴികാടന്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരില്‍ താമസസ്ഥലത്ത് ക്വാറന്റൈനില്‍ കഴിയാന്‍ സൗകര്യം ഇല്ലാത്തവര്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന ചട്ടമാണ് ലംഘിക്കപ്പെട്ടത്.