കുറഞ്ഞ വിലയ്ക്ക് ഉള്ളി വിറ്റ കോണ്‍ഗ്രസ് നേതാവിന്റെ വിരല്‍ കടിച്ച് മുറിച്ചു
ഡെറാഢൂണ്‍: ഉള്ളിവില വര്‍ധനവില്‍ പ്രതിഷേധിച്ച് കുറഞ്ഞ വിലയ്ക്ക് ഉള്ളി വിറ്റ കോണ്‍ഗ്രസ് നേതാവിന്റെ വിരല്‍ കടിച്ചു മുറിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിനാണ് സംഭവം. കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ നന്ദന്‍ മെഹ്‌റയുടെ വിരലാണ് കടിച്ചു മുറിച്ചത്. കുറഞ്ഞ വിലയ്ക്ക് ഉള്ളിവിറ്റുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതിനിടെ ബിജെപിക്കാര്‍ പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നന്ദന്‍ മെഹ്റയുടെ നേതൃത്വത്തിലായിരുന്നു ഉള്ളിവിലയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനിടെ ബനീഷ് ബിഷ്ത് എന്നയാളാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് മെഹ്‌റ പറഞ്ഞു. ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ തന്റെ വിരലില്‍ കടിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.
അതേസമയം വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരോട് ഇയാള്‍ മോശമായാണ് പെരുമാറിയതെന്ന് നേതാവ് രമേഷ് ഗോസ്വാമിയും ആരോപിച്ചു. കിലോയ്ക്ക് 30 രൂപ നിരക്കില്‍ ഉള്ളി വില്‍ക്കാന്‍ ആരംഭിച്ചതോടെ ബിഷ്ത് പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്നും കോണ്‍ഗ്രസുകാര്‍ പറയുന്നു. ബുദ്ധ പാര്‍ക്കിന് സമീപത്ത് വെച്ചായിരുന്നു സംഭവം.