എറണാകുളം: കോതമംഗലത്ത് പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ചേരയുടെ ഇറച്ചി വില്‍ക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. നേര്യമംഗലം സ്വദേശി ബിജുവാണ് വനം വകുപ്പിന്റെ പിടിയിലായത്. വീട്ടുവളപ്പില്‍ നിന്ന് പിടികൂടിയ ചേരയെ കൊന്ന് പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന വ്യാജേന വില്‍ക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പാമ്പിന്റെ ഇറച്ചി വില്‍ക്കാന്‍ ശ്രമിക്കുന്നതായി കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് ബിജു പിടിയിലായത്.
മദ്യപിക്കുന്നതിനായി പണം കണ്ടെത്താനാണ് പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് വിശ്വസിപ്പിച്ച് ഇയാള്‍ ചേരയുടെ ഇറച്ചി വില്‍ക്കാന്‍ ശ്രമിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം ബിജുവിനെതിരെ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിജുവിനെ കോതമംഗലം കോടതിയില്‍ ഹാജരാക്കും.