ആലപ്പുഴ: മാന്നാറില്‍ യുവതിയെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ സ്വര്‍ണക്കടത്ത് സംഘത്തിലെ മുഖ്യപ്രതികള്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ രാജേഷ്, ഹാരിസ് എന്നിവരാണ് പിടിയിലായത്. ഒരാള്‍ എടപ്പാളിലും മറ്റൊരാള്‍ നെടുമ്പാശേരിയിലും ഒളിവില്‍ കഴിയുകയായിരിന്നു.
ഇതോടെ കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം 13 ആയി. ദുബായില്‍ നിന്നുള്ള സ്വര്‍ണക്കടത്തിന് യുവതിയെ ക്യാരിയറായി ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. സ്വര്‍ണം നഷ്ടപ്പെട്ടതിനു പിന്നാലെയാണ് വീടാക്രമിച്ച് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് വിട്ടയക്കുകയായിരുന്നു.
ഫെബ്രുവരി 22 ന് പുലര്‍ച്ചെയായിരുന്നു മാന്നാര്‍ സ്വദേശിനിയായ ബിന്ദുവിനെ ഒരുസംഘം ആളുകള്‍ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ഇതിനുശേഷം പാലക്കാട് ഉപേക്ഷിക്കുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.
കേസില്‍ ഗുണ്ടാ നേതാവ് മാന്നാര്‍ സ്വദേശി ഷംസ് എന്ന ഷംസുദ്ദീന്‍ ഉള്‍പ്പെടെ നേരത്തെ അറസ്റ്റിലായിരിന്നു. മാന്നാര്‍ കുരട്ടിക്കാട് സ്വദേശി ബിന്ദുവിനെ തട്ടിക്കൊണ്ടുപോയവര്‍ക്ക് പ്രാദേശികമായി സഹായം നല്‍കിയ ക്വട്ടേഷന്‍ സംഘത്തിന്റെ തലവനാണ് മാന്നാര്‍ സ്വദേശി ഷംസ് എന്ന ഷംസുദ്ദീന്‍.
പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ പമ്പയാറ്റില്‍ നിന്ന് കണ്ടെത്തി. പമ്പയാറ്റില്‍ കോട്ടക്കടവില്‍ നടത്തിയ തിരച്ചിലിലാണ് രണ്ട് വടിവാളുകള്‍ കണ്ടെടുത്തത്. സ്‌കൂബാ ഡൈവിങ്ങ് സംഘം നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.