മലേഷ്യയില്‍ ജോലിക്കെത്തിയ ആലപ്പുഴ സ്വദേശിയ്ക്ക് തൊഴിലുടമയുടെ ക്രൂരമര്‍ദ്ദനം; പൊള്ളലേറ്റ ഇയാളുടെ ചിത്രങ്ങള്‍ കുടുംബത്തിന് ലഭിച്ചു
ആലപ്പുഴ: മലേഷ്യയില്‍ ബാര്‍ബര്‍ ജോലിക്കെത്തിയ ആലപ്പുഴ സദേശിയ്ക്ക് തൊഴിലുടമയുടെ ക്രൂരമര്‍ദ്ദനം. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ഹരിദാസനാണ് അതിക്രൂര പീഡനത്തിന് ഇരയായത്. ദേഹമാസകലം പൊള്ളലേറ്റ അവസ്ഥയിലുള്ള ഇയാളുടെ ചിത്രങ്ങള്‍ കുടുംബത്തിന് ലഭിച്ചു. ആലപ്പുഴ എസ്.പിക്കും നോര്‍ക്കയിലും കുടുംബം പരാതി നല്‍കി. മലേഷ്യയിലെ ചില സുഹൃത്തുക്കള്‍ വഴിയാണ് പീഡനത്തിന്റെ ചിത്രങ്ങള്‍ കുടുംബത്തിന് ലഭിച്ചത്. ഫോണ്‍ വിളിക്കാനോ പുറത്തിറങ്ങാനോ തൊഴില്‍ ഉടമ ഹരിദാസനെ അനുവദിക്കുന്നില്ലെന്നും ഭാര്യ പറയുന്നു.
നാല് വര്‍ഷം മുമ്പണ് ബാര്‍ബര്‍ ജോലിക്കായി ഹരിദാസന്‍ മലേഷ്യയിലേക്ക് പോയത്. ആലപ്പുഴ ചിങ്ങോലിയിലുള്ള ഏജന്റാണ്, ജോലി തരപ്പെടുത്തികൊണ്ടുത്തത്. ആറ് മാസം കൂടുമ്പോള്‍ നാട്ടിലേക്ക് പണം അയച്ചിരുന്നു. കുടുംബവുമായി ഫോണിലൂടെ സംസാരിക്കാനും കഴിഞ്ഞിരുന്നു.
എന്നാല്‍, പിന്നീട് അവസ്ഥ മാറി. ശമ്പളം കിട്ടുന്നില്ലെന്നും തൊഴില്‍ ഉടമ ക്രൂരപീഢനത്തിന് ഇരയാക്കുന്നതായും ഹരിദാസന്‍ ഭാര്യയെ അറിയിച്ചു. പാസ്പോര്‍ട്ട് അടക്കം രേഖകളും തൊഴിലുടമയുടെ പക്കലാണ്. മലേഷ്യയില്‍ കുടുങ്ങി കിടക്കുന്ന ഹരിദാസനെ നാട്ടിലെത്തിക്കാനായി കുടുംബം എല്ലാ വഴികളും തേടുകയാണ്.