മലയാളി യുവാവ് കാനഡയില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു
ഒന്റാറിയോ: മലയാളി യുവാവ് കാനഡയില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു. ഒന്റാറിയോയില്‍ താമസിക്കുന്ന കാഞ്ചിയാര്‍ പള്ളിക്കവല അമ്പാട്ടുകുന്നേല്‍ ഗോപിനാഥന്റെ മകന്‍ നിതില്‍ ഗോപിനാഥിനെ (25) ആണ് ബുധനാഴ്ച റിച്ച്മൗണ്ട് ഹില്‍ ഏരിയായിലെ പ്രമുഖ ജിംനേഷ്യത്തിലെ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിടെക് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഉപരി പഠനത്തിനായി മൂന്നു വര്‍ഷം മുന്‍പാണ് നിതിന്‍ കാനഡയില്‍ എത്തിയത്. പഠന ശേഷം ജോലിയിലും പ്രവേശിച്ചിരുന്നു.
നിധിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്സാണ് മരണവിവരം നാട്ടില്‍ അറിയിച്ചത്. 25 -ാം ജന്മദിനത്തിന് 11 ദിവസം മാത്രം ശേഷിക്കെ ആയിരുന്നു മരണം. മരണകാരണം എന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല. സ്വഭാവിക മരണമാണോ ഇതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. നിധിന് ആത്മഹത്യ ചെയ്യേണ്ടതായ സാഹചര്യമില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനായി ഒന്റാറിയോ മലയാളി സമാജം ‘ഗോ ഫണ്ട് മീ’ അക്കൗണ്ട് തുറന്നിട്ടുണ്ട്.