മലപ്പുറം: മലപ്പുറത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന് മെഡിക്കല്‍ ഓഫിസര്‍. കുട്ടികളിലെ വയറിളക്ക് രോഗം വളരെയധികം ശ്രദ്ധിക്കണം. രോഗം ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയാനായാല്‍ നല്ല ചികിത്സ ലഭ്യമാക്കാനാകുമെന്നും മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ജില്ലയില്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യമില്ലെന്നും മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മലപ്പുറം പുത്തനത്താണിയില്‍ ഏഴുവയസുകാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. വയറിളക്കത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഇതിന് പിന്നാലെ കുട്ടി മരിച്ച് ഷിഗല്ല ബാധിച്ചാണെന്നാണ് സംശയം ഉടലെടുത്തിരുന്നു. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ ലാബില്‍ നല്‍കിയിരിക്കുകയാണ്. അതേസമയം, ദ്രുത പ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗല്ല. ഷിഗല്ല വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയയാണ് ഷിഗല്ലോസിസ് അഥവാ ഷിഗല്ല രോഗത്തിന് കാരണമാവുന്നത്. ഒന്ന് മുതല്‍ മൂന്ന് ദിവസം വരെയാണ് ഇന്‍ക്യുബേഷന്‍ പിരീഡ്, അഥവാ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.
കിയോഷി ഷിഗ എന്ന ജാപ്പനീസ് ബാക്ടീരിയോളജിസ്റ്റ് 1897 ലാണ് ആദ്യമായി ഷിഗല്ല ബാക്ടീരയയെ കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് ഈ ബാക്ടീരിയയ്ക്ക് ഷിഗല്ല എന്ന പേര് നല്‍കിയതും. ആഫ്രിക്ക, ദക്ഷിണേഷ്യ, അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
1972-73 കാലഘട്ടത്തിലും, 1997 മുതല്‍ 2001 വരെയുള്ള വര്‍ഷങ്ങളിലും വെല്ലൂരില്‍ ഷിഗല്ല രോഗം കണ്ടെത്തിയിട്ടുണ്ട്. 1986ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും, 2003ല്‍ ചണ്ഡീഗഢിലും ഷിഗല്ല സാന്നിധ്യമുണ്ടായിരുന്നു. ഇപ്പോള്‍ കേരളത്തിലും.
2014ലാണ് കേരളത്തില്‍ ആദ്യമായി ഷിഗല്ല രേഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. വടക്കന്‍ കേരളത്തിലെ 49 കാരനായ വ്യക്തിയിലായിരുന്നു ആദ്യം രോഗം കണ്ടെത്തിയത്. തുടര്‍ന്ന് ഏറെ നാള്‍ക്ക് ശേഷം 2019ല്‍ വീണ്ടും കേരളത്തില്‍ ഷിഗല്ല സാന്നിധ്യമുണ്ടായി. അന്ന് കോഴിക്കോട് രണ്ട് മാസം പ്രായമായ കുഞ്ഞ് ഷിഗല്ല ബാധിച്ച് മരിച്ചു. വീണ്ടും 2020 അവസാനത്തോടെ കോഴിക്കോട് തന്നെ വീണ്ടും ഷിഗല്ല പിടിമുറുക്കിയിരുന്നു.