31.1 C
Kottayam
Thursday, May 16, 2024

നാടൻ വാറ്റ് കാനഡയിൽ സൂപ്പർ ഹിറ്റ്, മലബാർ മന്ദാകിനിയ്ക്ക് ആവശ്യക്കാർ ഏറെ

Must read

ഒട്ടാവ:കേരളത്തില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന നാടന്‍ വാറ്റ് നിയമവിധേയമായി കാനഡയില്‍ നിര്‍മ്മിച്ച് പേരൊന്ന് പരിഷ്‌കരിച്ചപ്പോള്‍ വമ്പന്‍ ഹിറ്റ്. കേരളത്തില്‍ ചീത്തപ്പേരുകാരനായ നാടന്‍ വാറ്റിന് മന്ദാകിനി-മലബാര്‍ വാറ്റ് എന്ന അടിപൊളി പേരാണ് കാനഡയില്‍ നല്‍കിയിരിക്കുന്നത്. സംഭവം ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ട്. കരിമ്പ് ഉപയോഗിച്ചാണ് മദ്യം വാറ്റിയെടുക്കുന്നത്. 40 കനേഡിയന്‍ ഡോളറാണ് (2300രൂപ) മദ്യത്തിന്റെ വില.

കാനഡയില്‍ സ്ഥിരതാമസമാക്കിയ കോതമംഗലം സ്വദേശികളായ സഹോദരന്മാരാണ് ആശയത്തിന് പിന്നില്‍. നമ്മുടെ നാട്ടില്‍ നിര്‍മ്മിക്കുന്ന നാടന്‍ വാറ്റിന്റെ കൂട്ടുകള്‍ ഗുണമേന്മ ഉറപ്പാക്കി വാറ്റിയാണ് ഇവര്‍ വിപണനം ചെയ്യുന്നത്. ഒറിയാന്റോ പ്രവിശ്യയില്‍ സര്‍ക്കാര്‍ അനുമതി മദ്യനിര്‍മ്മാണത്തിന് ലഭിച്ചതോടെ മന്ദാകിനി-മലബാര്‍ വാറ്റ് വിപണിയിലിറക്കി. നാല് വര്‍ഷത്തെ പഠനത്തിന് ശേഷമാണ് ഇവര്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ക്യൂബ, ജമൈക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ തദ്ദേശീയ മദ്യങ്ങള്‍ രാജ്യാന്തര വിപണിയില്‍ നേട്ടം കൊയ്യുന്നതുകണ്ടാണ് ഇവരും രംഗത്തെത്തിയത്.

ഇവരുടെ റെസിപ്പി അനുസരിച്ച് ഡിസ്റ്റലറിയാണ് മദ്യം നിര്‍മ്മിച്ചു നല്‍കുന്നത്. കുപ്പിയില്‍ മലയാളത്തില്‍ നാടന്‍ വാറ്റെന്നും തമിഴില്‍ നാട്ടുസരക്കെന്നും എഴുതിയിട്ടുണ്ട്. ഹിന്ദി, ഗുജറാത്തി, തെലുങ്ക് ഭാഷകളിലും പേര് നല്‍കിയിട്ടുണ്ട്. 46 ശതമാനമാണ് മന്ദാകിനിയില്‍ ആല്‍ക്കഹോളിന്റെ അളവ്. കാനഡക്ക് പുറമെ യുഎസിലും യുകെയിലും മന്ദാകിനിക്ക് ആരാധാകരുണ്ട്.

കേരളത്തില്‍ എക്‌സൈസിന്റെ കണ്ണുവെട്ടിച്ച് അനധികൃതമായി വാറ്റുന്ന നാടന്‍ മദ്യം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് ടൂറിസ്റ്റുകളെ ആകര്‍ഷിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടില്ല. മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് നിര്‍മ്മിക്കുന്ന പദ്ധതി സാമ്പത്തികമായി ലാഭമല്ലാത്തതിനാല്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week