NationalNews

‘ഹേമന്ത് കർക്കരെയെ കൊന്നത് ആർ.എസ്.എസ് ബന്ധമുള്ള പൊലീസുകാരൻ’ ആരോപണവുമായി മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ്;പിന്തുണച്ച് ശശി തരൂര്‍

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാംഘട്ട വോട്ടെടുപ്പിലേക്കു നീങ്ങുന്നതിനിടെ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ ഗുരുതരമായ ആരോപണവുമായി മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ്. 26/11 മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളുമായാണ് മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ വിജയ് വഡേത്തിവാർ വിവാദങ്ങൾക്കു തിരികൊളുത്തിയിരിക്കുന്നത്.

ആക്രമണത്തിനിടെ മഹാരാഷ്ട്ര എ.ടി.എസ് മുൻ തലവൻ ഹേമന്ത് കർക്കരെ കൊല്ലപ്പെട്ടത് ആർ.എസ്.എസ് ബന്ധമുള്ള പൊലീസുകാരന്റെ വെടിയേറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. നോർത്ത്-സെൻട്രൽ മുംബൈയിലെ ബി.ജെ.പി സ്ഥാനാർഥിയും മുംബൈ ഭീകരാക്രമണക്കേസിൽ പ്രോസിക്യൂട്ടറുമായിരുന്ന ഉജ്ജ്വൽ നികത്തിന് ഇക്കാര്യം അറിയാമെന്നും അതു മറച്ചുവയ്ക്കുകയായിരുന്നുവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

”ഉജ്ജ്വൽ നികം അഭിഭാഷകനല്ല. രാജ്യദ്രോഹിയാണ്. അജ്മൽ കസബിനെ പോലെയുള്ള ഭീകരവാദികളുടെ വെടിയേറ്റല്ല കർക്കരെ കൊല്ലപ്പെട്ടത്. സംഘ്പരിവാറുമായി അടുത്ത ബന്ധമുള്ള പൊലീസുകാരന്റെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഈ ഓഫിസറെ രക്ഷിക്കാനായി സ്‌പെഷൽ കോടതിയിൽ നികം വിവരം മറച്ചുവയ്ക്കുകയാണു ചെയ്തത്.”-വിജയ് വഡേത്തിവാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പരാമർശത്തിൽ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. കസബിനെ നിരപരാധിയാക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് മുതിർന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു. ഇതുവഴി പാകിസ്താനിൽനിന്നു വോട്ട് തട്ടാനാണോ കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഉജ്ജ്വൽ നികത്തിനെ ഞങ്ങൾ സ്ഥാനാർഥിയാക്കിയതോടെ അദ്ദേഹം കസബിനെ അപമാനിച്ചയാളാണെന്നാണു പ്രതിപക്ഷ നേതാവ് പറയുന്നത്. മുംബൈ ഭീകരാക്രമണം നടത്തിയയാളെ കുറിച്ചാണ് അദ്ദേഹത്തിന് ആശങ്കയെന്നും ഫഡ്‌നാവിസ് ആരോപിച്ചു.

2008ലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരെ അപമാനിക്കുകയാണ് കോൺഗ്രസ് നേതാവെന്ന് ബി.ജെ.പി ഐ.ടി വിഭാഗം തലവൻ അമിത് മാളവ്യ വിമർശിച്ചു. വിജയ് വഡേത്തിവാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഷിൻഡെ വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്തെ പ്രമാദമായ നിരവധി കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വേഷമിട്ട പ്രമുഖ അഭിഭാഷകനാണ് ഉജ്ജ്വൽ നികം. 1993ലെ ബോംബേ സ്‌ഫോടനം, പ്രമോദ് മഹാജൻ വധക്കേസ്, 2008ലെ മുംബൈ ഭീകരാക്രമണം, 2013ലെ മുംബൈ കൂട്ട ബലാത്സംഗക്കേസ്, 2016ലെ കോപാർഡി ബലാത്സംഗം എന്നിവയിലെല്ലാം സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു അദ്ദേഹം. 2016ൽ കേന്ദ്ര സർക്കാർ നികത്തിനെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

മുംബൈ ഭീകരാക്രമണക്കേസിൽ അജ്മൽ കസബിനെ കുറിച്ചുള്ള വിവാദ പരാമർശങ്ങളുമായും ഉജ്ജ്വൽ നികം വാർത്തകളിൽ നിറഞ്ഞിരുന്നു. കസബിന് ജയിലിൽ ബിരിയാണി നൽകിയെന്നായിരുന്നു ആരോപണം. സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചു. അന്ന് മഹാരാഷ്ട്ര ഭരിച്ചിരുന്ന കോൺഗ്രസ്-എൻ.സി.പി സർക്കാരിനു വലിയ തലവേദനയായ പരാമർശം പക്ഷേ അൽപം കഴിഞ്ഞ് നികം തന്നെ പിൻവലിച്ചു. അജ്മൽ കസബിനു കിട്ടുന്ന സഹതാപം ഇല്ലാതാക്കാൻ നടത്തിയ പരാമർശം മാത്രമായിരുന്നുവെന്നു പറഞ്ഞു കൈയൊഴിയുകയായിരുന്നു.

കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റെ മകൾ പൂനം മഹാജൻ രണ്ടു തവണ മത്സരിച്ചു വിജയിച്ച മണ്ഡലമാണ് നോർത്ത്-സെൻട്രൽ മുംബൈ. 2014ലും 2019ലുമാണ് പൂനം ഇവിടെ നിന്നു ജയിച്ചത്. ഇത്തവണ മണ്ഡലത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന ആഭ്യന്തര റിപ്പോർട്ടിന്‌റെ അടിസ്ഥാനത്തിൽ മാറ്റിനിർത്തുകയായിരുന്നു. നടി മാധുരി ദീക്ഷിത്, മുൻ മുംബൈ പൊലീസ് കമ്മിഷണർ അഹ്മദ് ജാവേദ് എന്നിവരുടെ പേരുകളെല്ലാം പൂനത്തിന്റെ പകരക്കാരായി ഉയർന്നുകേട്ടിരുന്നു.

ഒടുവിൽ ഉജ്വൽ നികത്തിനു നറുക്ക് വീഴുകയായിരുന്നു. 2014ൽ മഹാരാഷ്ട്ര മുൻ എ.ടി.എസ് തലവൻ കെ.പി രഘുവൻഷിക്കും ബി.ജെ.പി ടിക്കറ്റ് ഓഫർ ചെയ്തിരുന്നു. തീരുമാനമെടുക്കാൻ അദ്ദേഹം സമയം ആവശ്യപ്പെട്ടതോടെയാണ് പൂനത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗെയ്ക്ക്‌വാദ് ആണ് ഉജ്ജ്വൽ നികത്തിന്റെ എതിരാളി.

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ദ് കാര്‍കരെയുടെ മരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡേത്തിവാര്‍ നടത്തിയ പ്രസ്താവനയെ പിന്തുണച്ച് ശശി തരൂര്‍. വഡേത്തിവാറിന്റെ ആരോപണം ഗൗരവതരമാണെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും തരൂര്‍ പറഞ്ഞു. കാര്‍കരെ കൊല്ലപ്പെട്ടത് ഭീകരരുടെ വെടിയേറ്റല്ലെന്നും ആര്‍എസ്എസുമായി ബന്ധമുള്ള ഒരു പോലീസുകാരന്റെ വെടിയേറ്റാണെന്നായിരുന്നു വിജയ് വഡേത്തിവാറിന്റെ ആരോപണം.

വരെ ഗൗരവതരമാണ് ഈ വിഷയം. വഡേത്തിവാര്‍ ഉന്നയിച്ച ആരോപണം ഏറെക്കാലമായി പൊതുമണ്ഡലത്തില്‍ നിലനില്‍ക്കുന്നതാണ്. അജ്മല്‍ കസബിന്റെ തോക്കില്‍നിന്നുള്ള വെടിയുണ്ടകളല്ല കാര്‍ക്കരെയുടെ ശരീരത്തില്‍നിന്ന് കണ്ടെടുത്തതെന്നും അത് ഒരു പോലീസ് റിവോള്‍വറില്‍നിന്നുള്ളതാണെന്നും മുന്‍ ഐജി എസ്.എം മുഷ്‌രിഫ് തന്റെ പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്, ശശി തരൂര്‍ ചൂണ്ടിക്കാട്ടി. എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും തരൂര്‍ പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിയുടെ മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ സ്ഥാനാര്‍ഥിയും അഭിഭാഷകനുമായ ഉജ്ജ്വല്‍ നികത്തിനെതിരായ ആരോപണത്തിലും തരൂര്‍ വിജയ് വഡേത്തിവാറിന്റെ ആരോപണത്തെ പിന്തുണച്ചു. മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ ഭീകരന്‍ ജ്മല്‍ കസബിന് ജയിലില്‍ ബിരിയാണി നല്‍കിയിരുന്നു എന്ന ഉജ്ജ്വല്‍ നികത്തിന്റെ ആരോപണം. നീതീകരിക്കാനാകാത്ത ഇത്തരം ആരോപണങ്ങള്‍ ഉജ്ജ്വല്‍ നികത്തിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ തെളിവാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker