മുംബൈ: ബി.ജെ.പി. കനത്തപരാജയം ഏറ്റുവാങ്ങിയതോടൊപ്പം മഹാരാഷ്ട്രയില്‍ അജിത് പവാറിനും ഷിന്ദേയ്ക്കും ഇനി കാര്യങ്ങള്‍ എളുപ്പമാകില്ല. ഒക്ടോബറില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവരുടെ പാര്‍ട്ടികളെ ഒപ്പംകൂട്ടി നിയമസഭയില്‍ മത്സരിച്ചാല്‍ സംസ്ഥാനം കൈവിട്ടുപോകുമെന്ന ആശങ്ക ബി.ജെ.പി.യുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിയമസഭയില്‍ കൂടുതല്‍ സീറ്റുകള്‍ വാഗ്ദാനംചെയ്താണ് ബി.ജെ.പി. ലോക്സഭയിലേക്ക് 28 സീറ്റില്‍ മത്സരിച്ചത്. അജിത് പവാര്‍ വിഭാഗത്തിന് നാലും ഷിന്ദേവിഭാഗം ശിവസേനയ്ക്ക് 15-ഉം സീറ്റായിരുന്നു നല്‍കിയത്. തങ്ങളുടെ മണ്ഡലംപോലും പിടിച്ചെടുത്ത് മത്സരിച്ച ബി.ജെ.പി.യെ ഏക്നാഥ് ഷിന്ദേ ശിവസേനയും അജിത് പവാറിന്റെ എന്‍.സി.പി.യും ധാരണയുണ്ടാക്കി, പല മണ്ഡലങ്ങളിലും പരാജയപ്പെടുത്തിയെന്ന് കരുതുന്ന വലിയവിഭാഗം മഹാരാഷ്ട്ര ബി.ജെ.പി.യിലുണ്ട്. നിയമസഭാതിരഞ്ഞെടുപ്പില്‍ ഭരണം നേടേണ്ടത് ബി.ജെ.പി.യെ സംബന്ധിച്ച് പരമപ്രധാനമാണ്.
ഈ ഘട്ടത്തില്‍ കനത്ത വിലനല്‍കേണ്ടിവരുക അജിത് പവാറിനും ഏക്നാഥ് ഷിന്ദേക്കുമാവും. അവരുടെകൂടെയുള്ള നേതാക്കളെ ബി.ജെ.പി. തങ്ങളുടെ പാളയത്തില്‍ എത്തിച്ച് ഇരുവരെയും നിരായുധരാക്കാനാണ് ഭാവിയില്‍ ബി.ജെ.പി. ശ്രമിക്കുകയെന്ന് ഉറപ്പായിട്ടുണ്ട്. ബി.ജെ.പി. ഏറ്റുവാങ്ങിയ കനത്തപരാജയം മുന്‍നിര്‍ത്തി ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കുമെന്ന് ബി.ജെ.പി. നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസ് വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ അജിത് പവാറും ഷിന്ദേയും സഹകരിച്ചില്ലെന്ന് ഫഡ്‌നവിസ് വിമര്‍ശിച്ചിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കുപിന്നാലെ അജിത് പവാര്‍ എന്‍.സി.പി. വിഭാഗം പിളര്‍പ്പിലേക്കു നീങ്ങുന്നതായി സൂചന. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിലെ 40 പേരില്‍നിന്ന് 19 എം.എല്‍.എ.മാര്‍ തിരിച്ചെത്തുമെന്ന് എന്‍.സി.പി. ശരദ് പവാര്‍ വിഭാഗം അവകാശപ്പെടുന്നു.
?േലാക്സഭയിലേക്ക് ഒരു സീറ്റില്‍മാത്രമാണ് അജിത് പവാര്‍ പക്ഷത്തിന് ജയിക്കാനായത്. 19 എം.എല്‍.എ.മാര്‍ തിരിച്ചെത്താന്‍ താത്പര്യം അറിയിച്ചെന്നും 12 എം.എല്‍.എ.മാര്‍ ബി.ജെ.പി.യുമായി ചര്‍ച്ചനടത്തിയെന്നുമാണ് ശരദ് പവാറിന്റെ കൊച്ചുമകന്‍ രോഹിത് പവാറിന്റെ അവകാശവാദം. തിരഞ്ഞെടുപ്പുവേളയില്‍ അജിത് പവാറിനെ പവാര്‍ കുടുംബത്തില്‍നിന്ന് ഒറ്റപ്പെടുത്തിയിരുന്നു. സഹോദരന്‍ ശ്രീനിവാസ് ഉള്‍പ്പെടെ മിക്ക കുടുംബാംഗങ്ങളും പ്രചാരണത്തില്‍ ശരദ് പവാറിനൊപ്പംനിന്നു. ഭാര്യ സുനേത്ര പവാര്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയോട് 1,58,333 വോട്ടുകള്‍ക്ക് പരാജയപ്പെട്ട ബാരാമതിയിലെ കുടുംബ പോരാട്ടത്തില്‍ അജിത് പവാറിന് വലിയതോല്‍വി നേരിടേണ്ടിവന്നു.
അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നാലു സ്ഥാനാര്‍ഥികളില്‍ ഒരാളായ സുനില്‍ തട്കരെ മാത്രമാണ് റായ്ഗഢില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ശരദ് പവാര്‍ എന്‍.സി.പി. മത്സരിച്ച 10 സീറ്റുകളില്‍ എട്ടിലും വിജയിച്ചു, ഏറെക്കാലം പാര്‍ട്ടിയുടെ കോട്ടയായ പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ തന്റെ ശക്തമായപിടി നിലനിര്‍ത്തുകയും 25 വര്‍ഷംമുമ്പ് താന്‍ സ്ഥാപിച്ച പാര്‍ട്ടിക്കുമേല്‍ അവകാശവാദം ഉറപ്പിച്ചെടുക്കുകയുംചെയ്തു.
പ്രധാനനേതാക്കള്‍ ഇതിനോടകം തിരിച്ചെത്തുന്നതിനു മുന്നോടിയായുള്ള ചര്‍ച്ചതുടങ്ങിയെന്ന് ശരദ് പവാര്‍ വിഭാഗത്തിനോടടുപ്പമുള്ള നേതാക്കള്‍ വ്യക്തമാക്കി. ഒക്ടോബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിലപേശല്‍ശക്തിയില്ലാതെ ബി.ജെ.പി. സഖ്യത്തില്‍ തുടരുന്നത് അജിത് പവാറിനും വെല്ലുവിളിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ കടുത്ത അവഗണനനേരിട്ടെന്ന വികാരം അജിത് പവാര്‍ വിഭാഗത്തിനുണ്ട്.