ന്യൂഡൽഹി :മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെതിരെ ബി.ജെ.പിയുടെ നാടകീയ നീക്കങ്ങൾ,കമല്‍നാഥ് സര്‍ക്കാരിനെതിരെ അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം. എട്ട് എംഎല്‍എമാർ റിസോര്‍ട്ടില്‍, നാല് കോണ്‍ഗ്രസ് എംഎല്‍എമാരെയും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നാല് സ്വതന്ത്ര എംഎല്‍എമാരെയും ബിജെപി റിസോര്‍ട്ടിലേക്ക് മാറ്റിഎന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ഐടിസി മറാത്ത ഹോട്ടലിൽ പാര്‍പ്പിച്ചിരിക്കുന്ന ഇവരെ ഡല്‍ഹിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്
മുന്‍ മന്ത്രിയും എംഎല്‍എയുമായ നരോട്ടം മിശ്രയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഗുഡ്ഗാവില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഹോട്ടലില്‍ ബലമായി പാര്‍പ്പിച്ചിരിക്കുകയാണെന്നും പുറത്തു പോകാന്‍ അനുവാദമില്ലെന്നും മുന്‍ മന്ത്രി ബിസാഹുലാല്‍ സിംഗും എംഎല്‍എമാരില്‍ ഒരാളും തങ്ങളെ അറിയിച്ചതായി മധ്യപ്രദേശ് ധനമന്ത്രി തരുണ്‍ ഭാനോട്ട് പറഞ്ഞു. എംഎല്‍എമാരെ കാണാന്‍ അനുവദിക്കുന്നില്ലെന്നും ഭാനോട്ട് പറയുന്നു. മന്ത്രിമാരായ ജെയ്വര്ദ്ധന് സിംഗും ജീതു പട്വാരിയും എംഎല്‍എമാരെ കാണാന്‍ ശ്രമം നടത്തിയെങ്കിലും ഹോട്ടല്‍ അധികൃതര്‍ അനുവദിച്ചില്ല. ഹരിയാനയിലെ ബിജെപി സര്ക്കാരിന്റോ പോലീസും നരോട്ടം മിശ്രയും ചേര്‍ന്നാണ് മന്ത്രിമാരെ തടഞ്ഞിരിക്കുന്നത്. ബിഎസ്പിയില് നിന്ന് പുറത്താക്കിയ എംഎല്‍എ രമാബായിയെ കോണ്‍ഗ്രസ് നേതാക്കള്‍ റിസോര്‍ട്ടില്‍ നിന്ന് കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.
230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114 ഉം ബിജെപിക്ക് 107 ഉം അംഗങ്ങളാണുള്ളത്. ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒരു എംഎല്‍എയും നാല് സ്വതന്ത്രരും കോണ്‍ഗ്രസിനു പിന്തുണ നൽകിയിരുന്നു. രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.