ചെന്നൈ: അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് ക്ഷണിക്കുന്നതിനും ഒരുമിച്ച് യാത്ര ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തി മദ്രാസ് സര്‍വകലാശാല. വിദ്യാര്‍ഥികള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് തടയുക എന്ന ലക്ഷ്യത്തോടെയാണ് വ്യത്യസ്ത സര്‍ക്കുലറുമായി സര്‍വകലാശാല രംഗത്തെത്തിയത്. അധ്യാപകര്‍ വിദ്യാര്‍ഥികളെ വീട്ടിലേക്കു വിളിക്കാന്‍ പാടില്ലെന്നും സര്‍വകലാശാലാ അധികൃതരുടെ അനുമതിയില്ലാതെ വിദ്യാര്‍ഥികള്‍ അധ്യാപകരുമൊത്ത് യാത്ര പോകുകയോ ഒന്നിച്ചു താമസിക്കുകയോ ചെയ്യരുതെന്നും രജിസ്ട്രാര്‍ ആര്‍. ശ്രീനിവാസന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
അതേസമയം സര്‍ക്കുലര്‍ ഗവേഷക വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. സര്‍വകലാശാലയെ വനിതാ സൗഹൃദമാക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന. അതേസമയം പുതിയ നിര്‍ദ്ദേശങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന പരാതിയുമായി ചില അധ്യാപകര്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍വകലാശാലക്കു കീഴിലുള്ള മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ വിനോദയാത്രക്കിടെ അധ്യാപകന്‍ വിദ്യാര്‍ഥിനികളോടു അപമര്യാദയായി പെരുമാറിയ സംഭവം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ സര്‍ക്കുലര്‍.