ഇടുക്കി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ നിലപാട് തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എഐ സംവിധാനം വഴി ഉൽപാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുന്നുകൂടുമെന്നും ചൂഷണത്തിന് വഴിവെക്കുമെന്നും ഗോവിന്ദൻ ഇടുക്കി ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് പറഞ്ഞു.
സോഷ്യലിസത്തിലേക്കുള്ള വഴിയാണ് എ ഐ എന്നായിരുന്നു കണ്ണൂരിൽ എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞത്. എഐ തൊഴിൽ ഇല്ലാതാക്കുമെന്ന സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിന് പിന്നാലെയാണ് നിലപാടുമാറ്റം.
10 ലക്ഷം കോടി ധനസമാഹരണമാണ് കേന്ദ്രം ലക്ഷ്യം വെക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലക്കുക വഴിയാണ് പണം കണ്ടെത്തുന്നത്. ഒരു സമൂഹത്തിൻ്റെ ജീർണതയാണ് സനാതന ധർമ്മതിന് വേണ്ടി വാദിക്കുന്നവർ പ്രതിഫലിപ്പിക്കുന്നത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാക്കുകൾ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിൽ കേരളത്തിൻ്റെ പേര് പോലും ഇല്ല. കേരളത്തിന് കിട്ടേണ്ട അവകാശം പോലും നിഷേധിച്ചു.
വയനാട് ദുരന്തം ഉൾപ്പെടെ പറഞ്ഞ് സഹായം ആവശ്യപ്പെട്ട കേരളത്തെ പൂർണമായി അവഗണിച്ചു. ജോർജ് കുര്യൻ എന്ത് രാഷ്ട്രീയം ആണ് കൈകാര്യം ചെയ്യുന്നത്? കേരളം രാജ്യത്തിന് മാതൃകയാണ്. അടുത്ത നവംബർ ഒന്നിന് അതിദരിദ്രർ ഇല്ലാത്ത ഏക ഇന്ത്യൻ സംസ്ഥാനമാകും കേരളം. അപ്പോഴാണ് ദരിദ്രർ ആകണമെന്ന് ജോർജ് കുര്യൻ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.