KeralaNews

പറയുന്നത് തെമ്മാടിത്തരം, അടി ഇരിക്കുന്നിടത്ത് കൊണ്ട് കരണം കൊടുത്ത് മേടിക്കാൻ ഇരിയ്ക്കുകയാണ്,ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി പി മാത്യുവിന് മുന്നറിയിപ്പുമായി എം എം മണി

ഇടുക്കി: ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി പി മാത്യുവിന് മുന്നറിയിപ്പുമായി എം എം മണി. ധീരജിനെ കുറിച്ച് സി പി മാത്യു പറയുന്നത് തെമ്മാടിത്തരമാണ്. നിരപരാധിയായ കൊച്ചിനെ കൊന്നിട്ട് ഒരുമാതിരി വർത്താനം പറഞ്ഞാൽ ആളുകൾ അവന്‍റെ കാര്യം ആലോചിക്കുമെന്നും എന്നിട്ട് പിന്നെ ഇവിടെ ക്രമസമാധാനമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും എം എം മണി പറഞ്ഞു. ധീരജിന്‍റെ അവസ്ഥ ഉണ്ടാകുമെന്നൊക്കെ പറഞ്ഞു കൊണ്ട് നടന്നാൽ ആളുകൾ കയ്യിട്ട് വാരുമെന്നും അടി ഇരിക്കുന്നിടത്ത് കൊണ്ട് കരണം കൊടുത്ത് മേടിക്കാൻ ഇരിക്കുകയാണ് ഡിസിസി പ്രസിഡന്‍റിന് നല്ലതെന്നും എം എം മണി ഉടുമ്പൻചോലയിൽ പറഞ്ഞു.

അതേസമയം, ധീരജ് കൊലപാതകവുമായി ബന്ധപ്പെട്ട് മുരിക്കാശ്ശേരിയിൽ നടത്തിയ പ്രസംഗത്തിൽ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു പറയുന്നത്. ഇക്കാര്യത്തിൽ ഖേദ പ്രകടനത്തിനില്ല. ധീരജിനെ കൊന്നത് എസ്എഫ്ഐക്കാരാണ്. എസ്എഫ്ഐക്കാർ കെഎസ്യു നേതാക്കളെ കുത്തുന്നതിനിടയിൽ അബദ്ധത്തിൽ ധീരജിന് കുത്തുകൊണ്ടതാണെന്ന് സി.പി.മാത്യു ആവർത്തിച്ചു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും ഇക്കാര്യം അറിയാം. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇടതുസർക്കാർ കൂച്ചുവിലങ്ങിടുക ആയിരുന്നുവെന്നും മാത്യു ആരോപിച്ചു.

തന്റെ പ്രസംഗത്തിനെതിരെ ധീരജിന്റെ കുടുംബം പൊലീസിനെ സമീപിക്കട്ടെ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും സി.പി.മാത്യു പറഞ്ഞു. എഞ്ചിനീയറിങ് കോളേജിൽ നടന്ന സംഭവത്തിൽ വിശദമായ അന്വേഷണം ആണ് വേണ്ടത്. കോളേജിൽ ലഹരി മരുന്നുകൾ എസ്എഫ്ഐക്കാർ ഉപയോഗിച്ച് എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും സി.പി.മാത്യു വ്യക്തമാക്കി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ് ഉൾപ്പെടെയുള്ളവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സി.പി.മാത്യു നേരത്തെ ആരോപിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം സത്യൻ, എസ്എഫ്ഐ നേതാക്കളായ വിഷ്ണു, ടോണി കുര്യാക്കോസ് എന്നിവരുടെ ഇടപെടൽ സംശകരമാണെന്നും സി.പി.മാത്യു ആരോപിച്ചിരുന്നു. 

ഇടുക്കി ഡിസിസി പ്രസിഡന്‍റിനെതിരെ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ധീരജിന്‍റെ കുടുംബം. ധീരജിനെതിരായ അപവാദ പ്രചാരണം സഹിക്കാവുന്നതിന്‍റെ അപ്പുറമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കള്ളും കഞ്ചാവും കുടിച്ച് നടന്ന സംഘത്തില്‍പ്പെട്ടവനാണ് ധീരജ് എന്നിങ്ങനെയുള്ള അപവാദങ്ങള്‍ പറഞ്ഞ് നടക്കുകയാണ്. സഹിക്കാവുന്നതിലും അപ്പുറമാണ് ഇത്.

മരണം ഇരന്ന് വാങ്ങിയെന്ന പരാമര്‍ശം ഏറെ വേദനിപ്പിച്ചെന്ന് മാധ്യമങ്ങളുടെ മുന്നില്‍ പൊട്ടിക്കരഞ്ഞ് ധീരജിന്‍റെ അച്ഛന്‍ പറഞ്ഞു. ഇരന്ന് വാങ്ങിയ മരണമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞത്  തങ്ങളാണ് കൊന്നതെന്ന് വ്യക്തമാക്കുന്ന പരാമര്‍ശമാണതെന്നും ധീരജിന്‍റെ അച്ഛന്‍ പറഞ്ഞു. കൊന്നിട്ടും കലി തീരാതെ വീണ്ടും കൊല്ലുകയാണ്. കലി തീരുന്നില്ലെങ്കിൽ ഞങ്ങളെ കൂടി കൊല്ലണമെന്ന് ധീരജിന്‍റെ അമ്മ പറഞ്ഞു.  ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി പി മാത്യുവിന് എതിരെ പൊലീസിൽ പരാതി നൽകുമെന്നും ധീരജിന്‍റെ കുടുംബം പറഞ്ഞു.  ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ കെഎസ്‍യു പ്രവര്‍ത്തകന്‍റെ കുത്തേറ്റാണ് ധീരജ് മരിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker