പി. ചിദംബരത്തിനെതിരെ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കവേയാണ് സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. നാല് തവണ ചിദംബരത്തിന്റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അടിയന്തരമായി ഹാജരാകണമെന്ന് വ്യക്തമാക്കി സിബിഐ ചിദംബരത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതിനോടും പ്രതികരിച്ചിരുന്നില്ല.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയും പിന്നീട് 12 മണിക്കും സബിഐ സംഘം ചിദംബരത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ ജോര്‍ബാഗിലുള്ള വീട്ടില്‍ നോട്ടീസ് പതിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ചിദംബരം ഇന്ന് രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് അഭിഭാഷകന്‍ മുഖേന ആവശ്യപ്പെടുകയായിരുന്നു. സിബിഐ ഈ ആവശ്യം മുഖവിലയ്ക്കെടുത്തിരുന്നില്ല. ചിദംബരത്തെ ചോദ്യം ചെയ്യാനായി വീണ്ടും സിബിഐ സംഘം ജോര്‍ബാഗിലുള്ള വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കാണാന്‍ കഴിയാഞ്ഞതോടെ മടങ്ങേണ്ടി വരികയായിരുന്നു. സിബിഐയുടെ അറസ്റ്റില്‍ നിന്നും പരിരക്ഷ നല്‍കാതിരുന്ന സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചിരിക്കുകയാണ്. ഹര്‍ജി ഉടന്‍ പരിഗണിക്കണോ എന്ന കാര്യം ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ജസ്റ്റിസ് രമണയാണ് ഹര്‍ജി പരിഗണിക്കുന്ന കാര്യം ചീഫ് ജസ്റ്റിസിന് വിട്ടത്. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിലവില്‍ അയോധ്യ കേസ് പരിഗണിക്കുകയാണ്.
ഐഎന്‍എക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.