NationalNews

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌: മൂന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി: 60 ശതമാനത്തിനു മേൽ പോളിംഗ്‌

്‌ന്യൂഡല്‍ഹി:രാജ്യത്ത് 93 സീറ്റുകളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. അഞ്ച് മണിവരെ ആകെ 60 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ ആകെ പോളിംഗ് 67.4 ശതമാനമായിരുന്നു. ബംഗാളിൽ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിനെ തൃണമൂൽ പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. യുപിയിൽ ബൂത്ത് പിടിക്കാൻ ബിജെപി ശ്രമിച്ചെന്ന് സമാജ്വാദി പാർട്ടി ആരോപിച്ചു.

ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞതിനെ തുടർന്ന് വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാൻ എല്ലാ ശ്രമവും തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരുന്നു. എന്നാൽ കാര്യമായ ഉയർച്ച പോളിംഗ് ശതമാനത്തിലുണ്ടായില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മധ്യപ്രദേശിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടത്തിയത്.  ഉത്തർപ്രദേശിൽ രാവിലെ ഭേദപ്പെട്ട പോളിംഗ് നടന്നെങ്കിലും ഉച്ചയോടെ ഇത് ഇടിഞ്ഞു. ബിജെപി പ്രവർത്തകർ പലയിടത്തും ബൂത്തുകൾ കൈയ്യടക്കിയെന്ന് സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. പരാതിക്ക് അടിസ്ഥാനമില്ലന്ന് ബിജെപി തിരിച്ചടിച്ചു

കർണാടകയിൽ ബിജെപി ശക്തികേന്ദ്രങ്ങളായ തീരദേശ കർണാടകയിലും, മുംബൈ കർണാടകയിലെ മേഖലകളിലുമാണ് പോളിംഗ് ശതമാനം ഉയർന്നത്.  വൈകിട്ട് അഞ്ചുവരെ കര്‍ണാടകയില്‍ 66.05ശതമാനമാണ് പോളിംഗ്. കൊടുംവെയിലിൽ വോട്ടർമാർ എത്താതായതോടെ ആകെ പോളിംഗ് അമ്പത് ശതമാനം കടക്കാൻ മൂന്ന് മണി കഴിയേണ്ടി വന്നു.

ബൂത്തിനകത്ത് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്ക് എതിരെ ബിജെപി പ്രവർത്തകർ റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി. ലക്ഷ്മിയുടെ മകൻ മൃണാൾ സ്ഥാനാർഥിയാണെന്നിരിക്കേ, പോളിംഗ് സ്റ്റേഷനകത്ത് വച്ച് സ്ഥാനാർത്ഥിയുടെ സീരിയൽ നമ്പർ സൂചിപ്പിക്കും വിധം വിരലുയർത്തിക്കാട്ടി എന്നാണ് പരാതി.


മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങളിൽ നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ഇടിഞ്ഞു. ശക്തമായ പോരാട്ടം നടന്ന ബാരമതിയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ്. കടുത്ത ചൂട് മൂന്നാം ഘട്ടത്തിലും വില്ലനായി എന്നാണ് വിലയിരുത്തൽ. രത്ന ഗിരി – സിന്ധ് ദുർഗിൽ മത്സരിച്ച നാരായൺ റാണെയും ബാരമതിയിൽ സുപ്രിയ സുലെയും മായിരുന്നു പ്രധാന സ്ഥാനാർഥികൾ. ഗുജറാത്തിലും ഉച്ചയോടെ പോളിംഗ് മന്ദഗതിയിലായി  രണ്ടു മണ്ഡലങ്ങൾ മാത്രമുള്ള ഗോവയിൽ എന്നാൽ നല്ല പോളിംഗ് നടന്നു.

പശ്ചിമബംഗാളിലെ ജങ്കിപ്പൂരില്‍ ബിജെപി സ്ഥാനാർത്ഥി ധനഞ്ജയ് ഘോഷും തൃണമൂല്‍ പ്രവർത്തകരും തമ്മില്‍ കയ്യാങ്കളി നടന്നു. മു‍ർഷിദാബാദില്‍ സിപിഎം സംസ്ഥാനസെക്രട്ടറിയും സ്ഥാനാർത്ഥിയുമായ മുഹമ്മദ് സലീമിനും തൃണമൂല് പ്രവർത്തകർക്കും ഇടയിൽ ഉന്തും തള്ളും ഉണ്ടായി. വ്യാജവോട്ടർമാര പിടികൂടിയതായി മുഹമ്മദ് സലീം അവകാശപ്പെട്ടു. ആസം, കർണാടക, ഗുജറാത്ത്, ഗോവ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്ന് പൂർത്തിയായി. ആകെ 261 സീറ്റുകളിലെ വോട്ടെടുപ്പാണ് ഇനി നാലു ഘട്ടങ്ങളിൽ ബാക്കിയുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker