FeaturedHome-bannerNationalNewsUncategorized

രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍? നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വ്യാപനംഅതിരൂക്ഷമായി തുടരുകയാണെങ്കിലും ലോക്ക്ഡൗണ്‌ ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ലോക്ക്ഡൗൺ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും സർക്കാർ വ്യക്തമാക്കി.

കേരളം, മഹാരാഷ്ട്ര, ​ഗുജറാത്ത്, പഞ്ചാബ് ഉൾപ്പടെ 11 സംസ്ഥാനങ്ങളിലെ രോ​ഗവ്യാപനം അതിതീവ്രമാണ്. ഈ സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ദേശീയ തലത്തിലുള്ള ഒരു ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഒരു പക്ഷേ കൊവിഡ് വ്യാപനം ഒരുപരിധി വരെ തടയാമെന്ന നിർദ്ദേശം ചില സംസ്ഥാനങ്ങൾ മുന്നോട്ട് വച്ചു.

എന്നാൽ  വീണ്ടുമൊരു ലോക്ക്ഡ‍ൗൺ ദേശീയതലത്തിലുണ്ടായാൽ സാമ്പത്തിക മേഖലയിലടക്കം വലിയ തിരിച്ചടിയുണ്ടാകുമെന്ന നിർദ്ദേശമാണ് കേന്ദ്രസർക്കാർ പ്രധാനമായും മുന്നോട്ട് വച്ചത്.
ഭാ​ഗിക ലോക്ക്ഡൗണോ രാത്രികാല കർഫ്യുവോ പ്രഖ്യാപിച്ചുകൊണ്ട് ഒരു പരിധി വരെ രോ​ഗവ്യാപനം നിയന്ത്രിക്കാമെന്ന നിർദ്ദേശമാണ് കേന്ദ്രത്തിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെയിൽ ഭാ​ഗിക നിയന്ത്രണം  ഏർപ്പെടുത്തിക്കഴിഞ്ഞു. ഛത്തീസ്​ഗഡിലെ ചിലയിടങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ കോവിഡ് സ്ഥിതിഗതികൾ രൂക്ഷമാവുകയാണെങ്കിൽ ലോക്ഡൗണിനുളള സാധ്യത തളളിക്കളയാനാവില്ലെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. മഹാരാഷ്ട്ര ദുർഘടസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടിയ താക്കറേ ജനങ്ങളുടെ ആരോഗ്യത്തിനാണോ സമ്പദ്ഘടനയ്ക്കാണോ പ്രധാന്യം നൽകേണ്ടതെന്നും ചോദിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു താക്കറേ.

‘ഈ സാഹചര്യം തുടരുകയാണെങ്കിൽ, കോവിഡ് കേസുകൾ വർധിക്കുകയാണെങ്കിൽ 15 ദിവസത്തിനുളളിൽ നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ മതിയാകാതെ വരുമെന്ന് ഞാൻ നേരത്തേ നിങ്ങളെ അറിയിച്ചിരുന്നു. അതിനാൽ ഇന്ന് ഞാൻ ലോക്ഡൗണിനെ കുറിച്ച് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. ആളുകളോട് സംസാരിച്ച് രണ്ടുദിവസത്തിനുളളിൽ പരിഹാരം കണ്ടെത്താനായില്ലെങ്കിൽ എനിക്ക് മുന്നിൽ മറ്റുമാർഗങ്ങളില്ല.’ താക്കറേ പറഞ്ഞു.

രാജ്യം രണ്ടാംഘട്ട കോവിഡ് വ്യാപനത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച 81,466 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. വെള്ളിയാഴ്ച 43,183 കേസുകൾ സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ നിരവധി ജില്ലകളിൽ രാത്രികാല കർഫ്യൂ ഉൾപ്പടെയുളള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ചത്തീസ്ഗഢ്, കർണാടക, പഞ്ചാബ്, കേരള, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേസുകൾ ഉയരുന്നുണ്ട്. രാജ്യത്ത് കോവിഡ് ബാധിതർ 1.23 കോടി കടന്നു. യുഎസും ബ്രസീലും കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ് ബാധിതർ ഇന്ത്യയിലാണ്. കോവിഡ് വ്യാപനം വർധിച്ചതിനെ തുടർന്ന് പ്രതിരോധ കുത്തിവെപ്പ് ശക്തമാക്കിയെങ്കിലും രോഗവ്യാപനത്തെ നിയന്ത്രണവിധേയമാക്കാൻ പല സംസ്ഥാനങ്ങൾക്കും സാധിച്ചിട്ടില്ല.

ഡല്‍ഹിയില്‍ ലോക്ക് ഡൗൺ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഉന്നത ഉദ്യോഗസ്ഥരുമായി കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. വീടുകളില്‍ ക്വാറന്റീനിലിരിക്കാന്‍ ഇപ്പോള്‍ ആളുകള്‍ തയ്യാറാകുന്നില്ല. പക്ഷേ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഭാവിയില്‍ അത്തരം ഒരു ആവശ്യം വന്നാല്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി പിന്നിട്ടു. ആറ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 28.50 ലക്ഷം കടന്നു.പത്ത് കോടിയിലധികം പേര്‍ രോഗമുക്തി നേടി.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി പതിമൂന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്.അരലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.മരണസംഖ്യ 5.67 ലക്ഷം പിന്നിട്ടു. രണ്ട് കോടി മുപ്പത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി.

ബ്രസീലില്‍ ഒരു കോടി ഇരുപത്തിയൊന്‍പത് ലക്ഷം രോഗബാധിതരാണ് ഉള്ളത്.അരലക്ഷത്തിലധികം കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രണ്ടായിരത്തിലധികം പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 3.28 ലക്ഷമായി.

ഇന്ത്യയില്‍ രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എണ്‍പതിനായിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ 4.56 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. നിലവില്‍ 6.14 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1.66 ലക്ഷമായി ഉയര്‍ന്നു.

സംസ്ഥാനത്ത് ഇന്നലെ 2508 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 385, എറണാകുളം 278, കണ്ണൂര്‍ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസര്‍ഗോഡ് 184, കോട്ടയം 184, തൃശ്ശൂര്‍ 182, കൊല്ലം 158, പത്തനംതിട്ട 111, പാലക്കാട് 103, ആലപ്പുഴ 75, ഇടുക്കി 71,വയനാട് 69 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 51783 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 10,98,526 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4646 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 198 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 359, എറണാകുളം 250, കണ്ണൂര്‍ 215, മലപ്പുറം 213, തിരുവനന്തപുരം 146, കാസര്‍ഗോഡ് 169, കോട്ടയം 163, തൃശ്ശൂര്‍ 175, കൊല്ലം 150, പത്തനംതിട്ട 90, പാലക്കാട് 41, ആലപ്പുഴ 74, ഇടുക്കി 63, വയനാട് 60 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.കണ്ണൂര്‍ 4, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2287 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 141, കൊല്ലം 201, പത്തനംതിട്ട 116, ആലപ്പുഴ 141, കോട്ടയം 190, ഇടുക്കി 48, എറണാകുളം 393, തൃശൂര്‍ 184, പാലക്കാട് 57, മലപ്പുറം 160, കോഴിക്കോട് 178, വയനാട് 44, കണ്ണൂര്‍ 275, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 26,407 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.10,98,526 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,39,837 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,35,665 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4172 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 684 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 363 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button