ലോക് ഡൗണ്‍ മൂന്നാം ഘട്ടത്തിന് നാളെ തുടക്കം; സംസ്ഥാനത്ത് രാത്രി യാത്രയ്ക്ക് നിയന്ത്രണം, മറ്റ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അറിയാം
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് 19 വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം നാളെ ആരംഭിക്കും. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന് അനുസൃതമായി കേരളത്തിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരും. എന്നാല്‍, ഹോട്ട്സ്പോട്ടുകളില്‍ ലോക്ഡൗണ്‍ കള്‍ശനമായി തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
നഗരസഭകളില്‍ ഹോട്ട്സ്പോട്ടായ ഡിവിഷന്‍ അടച്ചിടും. പഞ്ചായത്തുകളില്‍ സമീപവാര്‍ഡുകള്‍കൂടി ഉള്‍പ്പെടുത്തും. കേന്ദ്രം പ്രഖ്യാപിച്ച പൊതുഇളവുകള്‍ സംസ്ഥാനത്ത് നടപ്പാക്കുമ്പോള്‍ സുരക്ഷാമാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഗ്രീന്‍സോണിലടക്കം പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കേന്ദ്രനിര്‍ദേശപ്രകാരം മദ്യശാലകള്‍ തുറക്കാമെങ്കിലും കേരളത്തില്‍ തുറക്കില്ല. സംസ്ഥാനത്ത് സാമൂഹ്യവ്യാപന ഭീഷണി ഒഴിവായിട്ടില്ലെന്നും എല്ലാ മേഖലയിലും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ഡൗണില്‍ ഇളവ് അനുവദിച്ചെങ്കിലും സംസ്ഥാനത്താകെ രാത്രിയാത്രയ്ക്ക് നിയന്ത്രണം തുടരും. വൈകിട്ട് 7.30 മുതല്‍ രാവിലെ ഏഴുവരെയാണ് നിയന്ത്രണം. അതേസമയം, ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ പ്രത്യേക അനുമതിയോടെ അന്തര്‍ജില്ലാ യാത്രയ്ക്കും ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ടാക്‌സി, ക്യാബ് സര്‍വീസുകള്‍ക്കും അനുമതി നല്‍കി.
അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങള്‍ക്ക് റെഡ്‌സോണിലും നിബന്ധനകള്‍ പാലിച്ച് വാഹനമോടാം. ചരക്കുവാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. ഞായറാഴ്ചകളില്‍ പൊതു അവധി ആയിരിക്കും. കടകള്‍ തുറക്കാനോ വാഹനങ്ങള്‍ നിറത്തില്‍ ഇറക്കാനോ അനുവദിക്കില്ല.