തൃശൂര്‍: വിദേശത്ത് നിന്നെത്തിയ കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് നാട്ടുകാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൈമാറി. ചാലക്കുടിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഷാര്‍ജയില്‍ നിന്നെത്തിയ തൃശൂര്‍ തൃപ്പയാര്‍ സ്വദേശിയും മണ്ണൂത്തി സ്വദേശിയുമാണ് കൊറോണ നിര്‍ദേശം മറികടന്ന് അപകടകരമായ യാത്ര നടത്തിയത്.
ഇവര്‍ ഇന്നലെയാണ് ഷാര്‍ജയില്‍ നിന്നെത്തിയത്. ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ ഇവരെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച് കൈയില്‍ മുദ്ര പതിപ്പിച്ചു.
ഇന്ന് രാവിലെ നെടുമ്പാശേരിയില്‍ വന്നിറങ്ങി. ഇവിടെനിന്നു അങ്കമാലിവരെ സ്വകാര്യവാഹനത്തില്‍ സഞ്ചരിച്ചു. പിന്നീട് അങ്കമാലിയില്‍ നിന്നു എസി ലോ ഫ്‌ളോര്‍ ബസില്‍ തൃശൂരിലേക്ക് വരികയായിരുന്നു. ഇവരുടെ കൈയിലെ മുദ്രകണ്ട് സംശയം തോന്നിയ ചിലരാണ് വിവരം പുറത്തറിയിച്ചത്.
ഇതോടെ ചാലക്കുടിയില്‍ നാട്ടുകാര്‍ ബസ് തടയുകയായിരുന്നു. ബസില്‍ നാല്‍പതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാവരുമായി ബസ് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ബസ് വൃത്തിയാക്കിയതിനു ശേഷം യാത്ര തുടര്‍ന്നു.