ശബരിമലയില്‍ തല്‍ക്കാലം യുവതി പ്രവേശനം വേണ്ട; സര്‍ക്കാരിന് നിയമോപദേശം
തിരുവനന്തപുരം: ശബരിമലയില്‍ തല്‍ക്കാലം യുവതീപ്രവേശനം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയത്. വിഷയം സുപ്രീംകോടതി ഏഴംഗ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട സാഹചര്യത്തില്‍ അന്തിമ വിധി വരുന്നതു വരെ മുന്‍പുണ്ടായിരുന്ന പോലുള്ള ആചാരങ്ങള്‍ തുടരട്ടെയെന്നാണ് ജയദീപ് ഗുപ്ത സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത തേടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്യാതെയാണ് വിഷയം വിശാല ഭരണഘടനാ ബെഞ്ചിന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിട്ടത്. ഇതിന് പിന്നാലെ നിരവധി യുവതികള്‍ സര്‍ക്കാരിന്റെ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ശബരിമല ദര്‍ശനത്തിന് ബുക്ക് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ സുപ്രീംകോടതി വിധിയില്‍ വ്യക്തത തേടുന്നത്.