FeaturedNewsNews

#BIHARELECTIONS ബീഹാറില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് ഇടതുപാര്‍ട്ടികള്‍,സി.പി.എം അംഗങ്ങള്‍ നിയമസഭയിലെത്തുന്ന് 10 വര്‍ഷത്തിന് ശേഷം

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ഇടതുപാര്‍ട്ടികളാണ്.
മത്സരിച്ച 29 സീറ്റിൽ 17 ലും മുന്നേറി ബിഹാറിൽ ഇടതുപക്ഷം നടത്തിയത്‌ അത്യുജ്വല മുന്നേറ്റം. മഹാസഖ്യം തെരഞ്ഞെടുപ്പിൽ പിന്നോക്കം പോയപ്പോഴും വോട്ടർമാർ ഇടതുപക്ഷത്തിൽ വിശ്വാസമർപ്പിച്ചത്‌ ബിഹാർ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ സൂചനയായി വിലയിരുത്താം. മത്സരിച്ച 19ൽ 12 ൽ സിപിഐ എംഎൽ കുതിച്ചപ്പോൾ നാല്‌ സീറ്റിൽ രണ്ടിലും സിപിഐ എം വിജയിച്ചു. ആറ്‌ സീറ്റിൽ മത്സരിച്ച സിപിഐക്കും മൂന്ന്‌ സീറ്റിൽ ജയിക്കാനായി. ബിഹാറിലെ ലെനിൻഗ്രാഡ്‌ എന്ന്‌ ഒരു കാലത്ത്‌ വിശേഷിപ്പിക്കപ്പെട്ടിരുന്ന ബെഗുസരായിലെ ഏഴ്‌ മണ്ഡലത്തിൽ നാലിലും ഇടതുപക്ഷം കൊടിപാറിച്ചു.

മാഝി മണ്ഡലത്തില്‍ 25386 വോട്ടുകളുടെ ഉജ്ജ്വലവിജയമാണ് സി പി ഐ എം. ഡോ സത്യേന്ദ്ര യാദവ് നേടിയത്.ആകെ പോള്‍ ചെയ്തതില്‍ 59324 വോട്ടുകളാണ് സത്യേന്ദ്ര യാദവിന് ലഭിച്ചത്.
സി പി എമ്മിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ് എഫ് ഐയിലൂടെ ഇടതു രാഷ്ട്രീയത്തിലേക്ക് എത്തിയ ആളാണ് ഡോ സത്യേന്ദ്ര യാദവ്. മൂന്നാം തവണ അങ്കത്തിനിറങ്ങിയപ്പോള്‍ ആണ് ഡോ സത്യേന്ദ്ര യാദവിനെ വിജയം തുണച്ചത്.2010ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡോ സത്യേന്ദ്ര യാദവ് നേടിയത് 5541 വോട്ടുകള്‍ ആയിരുന്നു. അഞ്ചു വര്‍ഷത്തിനു ശേഷം 2015ല്‍ തെരഞ്ഞെടുപ്പ് അങ്കത്തിന് വീണ്ടും ഇറങ്ങിയപ്പോള്‍ അത് പതിനെണ്ണായിരത്തിലേക്ക് ഉയര്‍ന്നു. മൂന്നാം തവണ ഇരുപത്തയ്യായിരത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സത്യേന്ദ്ര യാദവ് വിജയം കണ്ടത്.

വിഭൂതിപൂരില്‍ അജയ് കുമാര്‍ 40,496 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്
ജെ.ഡി.യുവിന്റെ രാം ബാലക് സിങ്ങിനെ തോല്‍പ്പിച്ചത്. 2015ലെ തെരഞ്ഞെടുപ്പില്‍ 17,235 വോട്ടിന് രാം ബാലക് സിങ് വിജയിച്ച മണ്ഡലമാണിത്.

മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന കോൺഗ്രസിന് മത്സരിച്ച 70ൽ 20 ഇടത്തുമാത്രം ജയിക്കാനായപ്പോഴാണ്‌ ഇടതുപക്ഷം 29ൽ 17 ഉം സ്വന്തമാക്കിയത്‌. ‌എഴുപത്‌ സീറ്റ്‌ വേണമെന്ന കോൺഗ്രസിന്റെ പിടിവാശിയാണ്‌ ഇടതുപക്ഷ പാർടികളുടെ സീറ്റുവിഹിതം 29ൽ ഒതുക്കിയത്‌. അർഹമായ സീറ്റുവിഹിതം ലഭിച്ചില്ലെന്ന ആക്ഷേപം ഇടതുപക്ഷത്തിനുണ്ടായിരുന്നു. കോൺഗ്രസിന്റെ പിടിവാശിക്ക്‌ വഴങ്ങാതെ കൂടുതൽ സീറ്റുകൾ ഇടതുപക്ഷത്തിന്‌ നൽകിയിരുന്നെങ്കിൽ ഒരുപക്ഷേ തെരഞ്ഞെടുപ്പ്‌ ചിത്രംതന്നെ മാറിയേനെയെന്നാണ്‌ ഫലങ്ങൾ വെളിപ്പെടുത്തുന്നത്‌. ബിജെപിയുമായി മുഖാമുഖം ഏറ്റുമുട്ടിയ പല മണ്ഡലങ്ങളിലും കോൺഗ്രസ്‌ ദയനീയമായി തകർന്നപ്പോൾ ബിജെപിയുടെയും ജെഡിയുവിന്റെ കോട്ടകൊത്തളങ്ങൾ തകർത്താണ്‌ ഇടതുപക്ഷ സ്ഥാനാർഥികൾ കുതിച്ചത്‌.

ഉപേന്ദ്രേ കുശ്‌വാഹയുടെ ആർഎൽഎസ്‌പി, ജിതൻറാം മാഞ്ചിയുടെ എച്ച്‌എഎം, മുകേഷ്‌ സാഹ്‌നിയുടെ വിഐപി എന്നീ ജാതിഅധിഷ്‌ഠിത പാർടികളെ തഴഞ്ഞാണ്‌ ആർജെഡി ഇടതുപക്ഷത്തെ മഹാസഖ്യത്തിന്റെ ഭാഗമാക്കിയത്‌. ജാതിസമവാക്യങ്ങൾക്ക്‌ അപ്പുറമായുള്ള വോട്ടുസമാഹരണമാണ്‌ ഇടതുപക്ഷത്തെ ഒപ്പംചേർക്കുക വഴി ആർജെഡി ലക്ഷ്യമിട്ടത്‌. ഒപ്പം ന്യൂനപക്ഷ വോട്ടർമാർക്കും മറ്റുമിടയിൽ മുന്നണിയുടെ വിശ്വാസ്യത വർധിപ്പിക്കാനും ഇടതുപക്ഷ സാന്നിധ്യം വഴിയൊരുക്കി. 10 ലക്ഷം തൊഴിൽ, തുല്യജോലിക്ക്‌ തുല്യവേതനം, കാർഷികനിയമങ്ങൾ റദ്ദാക്കൽ, ആശാ പ്രവർത്തകർ അടക്കം വിവിധ പദ്ധതി തൊഴിലാളികളുടെ ഓണറേറിയം വർധിപ്പിക്കൽ തുടങ്ങിയ ജനകീയ വിഷയങ്ങളിലേക്ക്‌ തെരഞ്ഞെടുപ്പ്‌ അജൻഡ മാറ്റിയതും ഇടതുപക്ഷത്തിന്റെ ഫലപ്രദമായ ഇടപെടലിലൂടെയാണ്‌. ബിഹാറിൽ കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിലായി അഞ്ച്‌ ശതമാനത്തിനടുത്ത്‌ മാത്രമാണ്‌ ഇടതുപക്ഷത്തിന്‌ ലഭിക്കുന്ന വോട്ടുവിഹിതം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രധാന പാർടികളൊന്നുമായി സഖ്യമില്ലാതെ മത്സരിച്ചപ്പോൾ സിപിഐ എംഎല്ലിനുമാത്രം മൂന്ന്‌ സീറ്റിൽ ജയിക്കാനായി. സിപിഐ എമ്മിനും സിപിഐക്കും പ്രാതിനിധ്യമുണ്ടായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്‌ നിറംമങ്ങി.

എന്നാൽ, മഹാസഖ്യത്തിന്റെ ഭാഗമായി ഇടതുപക്ഷം മാറിയതോടെ ചിത്രം മാറി. രണ്ട്‌ മുന്നണി തമ്മിലുള്ള നേർക്കുനേർ പോരാട്ടമെന്ന നിലയിലേക്ക്‌ തെരഞ്ഞെടുപ്പ്‌ മാറിയതോടെ ബിഹാറിലെ ഇടതുപക്ഷപ്രവർത്തകർ സജീവമായി പ്രചാരണരംഗത്തേക്ക്‌ കടന്നുവന്നു. ചെറുപ്പക്കാരായ സ്ഥാനാർഥികളെ ഇടതുപക്ഷം കൂടുതലായി അണിനിരത്തിയതും തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾക്ക്‌‌ ഉണർവേകി.

വോട്ടർമാരെ പരമാവധി നേരിൽക്കണ്ടാണ്‌ ഇടതുപക്ഷ സ്ഥാനാർഥികൾ വോട്ടുതേടിയത്‌. മഹാസഖ്യം ഉയർത്തിയ ജനകീയ വിഷയങ്ങൾക്കൊപ്പം പ്രാദേശികമായ വികസനപ്രശ്‌നങ്ങളും ഇടതുപക്ഷം ഏറ്റെടുത്തു. മണ്ഡലത്തിലെ സ്‌കൂളുകളുടെയും ആശുപത്രികളുടെയും വികസനം ഉറപ്പുനൽകി. മെച്ചപ്പെട്ട റോഡുകൾ, പാർപ്പിടം തുടങ്ങിയ വാഗ്‌ദാനങ്ങളും ജനങ്ങൾ ഏറ്റെടുത്തു. എൻഡിഎയുടെ പണക്കൊഴുപ്പിൽ മുങ്ങിയ പ്രചാരണത്തെ തീർത്തും ലളിതമായി വോട്ടർമാരെ പരമാവധി നേരിൽ സമീപിച്ച്‌ ഇടതുപക്ഷം മറികടന്നു.

മഹാസഖ്യത്തിലെ മറ്റ്‌ ഘടകകക്ഷികളുമായി ഇഴുകിച്ചേർന്നുള്ള പ്രവർത്തനവും ഇടതുപക്ഷത്തിന്‌ സാധ്യമായി. ജാതി അടിസ്ഥാനത്തിലും മറ്റും വോട്ടുകൾ ഭിന്നിക്കാതെ മുന്നണിയുടെ ഐക്യം ഉറപ്പുവരുത്തുന്നതിലും സുഗമമായ വോട്ടുമാറ്റം സാധ്യമാക്കുന്നതിലും ഇടതുപക്ഷം വിജയിച്ചു. മുസ്ലിം–- യാദവ വോട്ടുകൾമാത്രം അടിത്തറയായുള്ള ആർജെഡി മുന്നണിക്ക്‌ ഇടതുപക്ഷം എത്തിയതോടെ താഴെത്തട്ടിലുള്ള മറ്റ്‌ ജനവിഭാഗങ്ങളുടെ പിന്തുണകൂടി ആകർഷിക്കാനുമായി.

ബിഹാറിൽ സജീവസാന്നിധ്യമായ ഇടതുപക്ഷം 1995ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 36 സീറ്റിൽ ജയിച്ചിരുന്നു. മണ്ഡൽ പ്രസ്ഥാനം ബിഹാർ രാഷ്ട്രീയത്തിൽ വരുത്തിയ മാറ്റം ഇടതുപക്ഷ പാർടികൾ ഉയർത്തിപ്പിടിക്കുന്ന വർഗാധിഷ്‌ഠിത നിലപാടിനെ ദുർബലപ്പെടുത്തി. ജാതിസമവാക്യങ്ങൾ നിർണായകമായി. ഒപ്പം വർഗീയത ഉയർത്തി ബിജെപിയും സ്വാധീനമുറപ്പിച്ചു. തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ നിയമസഭയിലെ ഇടതുപക്ഷ പ്രാതിനിധ്യം കുറഞ്ഞുതുടങ്ങി.

2000 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 14 സീറ്റിലും 2005ലെ രണ്ട്‌ തെരഞ്ഞെടുപ്പിലായി 11 ഉം ഒമ്പതും സീറ്റുകൾ വീതവുമാണ്‌ ഇടതുപക്ഷം ജയിച്ചത്‌. 2010ൽ സിപിഐമാത്രം ഒരു സീറ്റിൽ ജയിച്ചു. 2015ൽ സിപിഐഎംഎൽ മൂന്ന്‌ സീറ്റ്‌ നേടി. എന്നാൽ, സിപിഐക്കും സിപിഐ എമ്മിനും സീറ്റ്‌ ലഭിച്ചില്ല. 10 വർഷത്തിനുശേഷമാണ്‌ സിപിഐ എമ്മിന്‌ ബിഹാർ നിയമസഭയിൽ പ്രാതിനിധ്യം. 12 സീറ്റ്‌ നേടിയ സിപിഐഎംഎല്ലിന്റെ പ്രകടനവും ഇതുവരെയുള്ളതിൽ ഏറ്റവും മികച്ചതാണ്‌.

18 എംഎൽഎമാരടങ്ങുന്ന ഒരു ബ്ലോക്കായി മാറുന്നതോടെ കൂടുതൽ ശക്തവും സജീവവുമായി ബദൽ വികസനക്കാഴ്‌ചപ്പാടുകൾ അവതരിപ്പിക്കാനുള്ള അവസരമാണ്‌ ഇടതുപക്ഷത്തിന്‌ ലഭിക്കുന്നത്‌‌. കടുത്ത തൊഴിലില്ലായ്‌മയും ആരോഗ്യ– വിദ്യാഭ്യാസ മേഖലകളിലെ പിന്നോക്കാവസ്ഥയും അടച്ചിടൽ സൃഷ്ടിച്ച പ്രതിസന്ധിയുമെല്ലാമായി ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക്‌ ആശ്വാസമേകുന്നതിനാകും ഇടതുപക്ഷം പരിഗണന നൽകുക. ഒപ്പം ബിഹാറിനെക്കൂടി കാവിവൽക്കരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക്‌ തടയിടാനും നിയമസഭയിലെ വർധിച്ച പ്രാതിനിധ്യം ഇടതുപക്ഷത്തിന്‌ ശേഷിപകരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker