പിണറായി സർക്കാർ നാലാം വയസിലേക്ക്, പ്രോഗ്രസ് റിപ്പോർട്ട് ഇന്ന്
തിരുവനന്തപുരം:നാലാംവർഷത്തിലേക്ക് കടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിന്റെ പ്രകാശനം ഇന്ന് വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് പ്രോഗ്രസ് റിപ്പോർട്ട് നൽകി പ്രകാശനം നിർവഹിക്കും. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.
മൂന്നുവർഷം പൂർത്തിയാക്കിയ സർക്കാർ പ്രകടനപത്രികയിൽ നൽകിയ 600 വാഗ്ദാനങ്ങൾ എത്രത്തോളം നടപ്പാക്കിയെന്നതിന്റെ വിലയിരുത്തലാണ് പ്രോഗ്രസ് റിപ്പോർട്ടിലുള്ളത്. മതനിരപേക്ഷവും അഴിമതിരഹിതവും വികസിതവുമായ കേരളം സൃഷ്ടിക്കുന്നതിനുള്ള കർമ്മപദ്ധതിയാണ് പ്രകടനപത്രികയിലൂടെ മുന്നോട്ടുവച്ചത്. അതു നടപ്പിലാക്കുന്നതിന് ആത്മാർത്ഥമായ പരിശ്രമമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമേ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ അനുബന്ധമായി ഇതിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.
സർക്കാർ പ്രഖ്യാപിച്ച നയങ്ങൾ, പ്രളയാനന്തര പുനർനിർമാണം, അടിയന്തരസഹായങ്ങൾ, കേരള പുനർനിർമാണ പദ്ധതി, ലോക പുനർനിർമാണ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം, വിഭവസമൃദ്ധിക്ക് കിഫ്ബി, മറ്റു പ്രധാന പദ്ധതികളും പ്രവർത്തനങ്ങളും, മികവിനു കിട്ടിയ അംഗീകാരങ്ങൾ തുടങ്ങിയവയും പ്രോഗ്രസ് റിപ്പോർട്ടിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകാശനശേഷം സർക്കാർ വെബ്സൈറ്റിലും പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കും.
ചടങ്ങിൽ ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, തുറമുഖ-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, ഡോ. ശശി തരൂർ എം.പി, എം.എൽ.എമാരായ എൻ. വിജയൻപിള്ള, കെ.ബി. ഗണേഷ് കുമാർ, കോവൂർ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. മറ്റു മന്ത്രിമാർ ചടങ്ങിൽ സന്നിഹിതരായിരിക്കും.
സഹകരണ ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതം പറയും. ചീഫ് സെക്രട്ടറി ടോം ജോസ് കൃതജ്ഞത രേഖപ്പെടുത്തും. സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ സോളിഡ് ബാന്റും ആട്ടം കലാസമിതിയും ചേർന്നുള്ള ഫ്യൂഷൻ സംഗീതവും നടക്കും. വൈകിട്ട് നാലരയ്ക്ക് കോട്ടൺഹിൽ സ്‌കൂൾ വിദ്യാർഥിനി ആഭയുടെ വയലിൻ സംഗീതം അരങ്ങേറും.