കോന്നിയില്‍ കെ. സുരേന്ദ്രന്‍ മൂന്നാമത്; എല്‍.ഡി.എഫ് മുന്നേറ്റം
പത്തനംതിട്ട: ബി.ജെ.പി ഏറ്റവും അധികം പ്രതീക്ഷ വച്ചിരുന്ന കോന്നിയില്‍ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പിന്നിടുമ്പോള്‍ കെ.സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമോ എന്നാണ് ആദ്യറൗണ്ട് പിന്നിടുമ്പോള്‍ ബിജെപി ഉറ്റുനോക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.യു.ജനീഷ്‌കുമാറാണ് നിലവില്‍ മുന്നില്‍. 343 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.
ആദ്യ റൗണ്ടില്‍ ലീഡ് മാറിമറിഞ്ഞത് ഫലം ഫോട്ടോ ഫിനിഷിലേക്ക് എന്ന സൂചനയും നല്‍കുന്നുണ്ട്. കോന്നിയില്‍ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ യുഡിഎഫില്‍ പ്രശ്‌നങ്ങളായിരുന്നു. എംഎല്‍എയായിരുന്ന അടൂര്‍ പ്രകാശ് കോന്നിയില്‍ റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കണമെന്ന് ശക്തമായി വാദിച്ചിരുന്നു. എന്നാല്‍ ഈ സമ്മര്‍ദ്ദം മറികടന്നാണ് പി.മോഹന്‍രാജ് സ്ഥാനാര്‍ഥിയായത്. ഇത് വോട്ടെടുപ്പിലും പ്രതിഫലിച്ചിട്ടുണ്ടെന്നാണ് ആദ്യറൗണ്ട് പിന്നിടുമ്പോള്‍ വ്യക്തമാകുന്നത്.