മലപ്പുറം: കവളപ്പാറയില്‍ മൂന്നാമതും ഉരുള്‍പൊട്ടി. ഇന്ന് രണ്ടാമത്തെ തവണയാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടുന്നത്. അറുപത്തിമൂന്നു പേരെ കാണാനില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
രക്ഷാപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ കവളപ്പാറയില്‍ ഉണ്ടായിരുന്ന സമയത്താണ് ഉരുള്‍പൊട്ടലുണ്ടായത്. വലിയ ശബ്ദത്തോടെ മണ്ണും പാറക്കല്ലുകളും ഇളകി താഴേയ്ക്ക് പതിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഓടിമാറിയതുകൊണ്ടുമാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയത്. ഇന്ന് രാവിലെ 11 മണിയോടെ കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു.
വ്യാഴാഴ്ച രാത്രിയോടെയാണ് കവളപ്പാറയില്‍ ആദ്യമായി ഉരുള്‍പൊട്ടിയത്. മുപ്പതോളം കുടുംബാംഗങ്ങളാണ് അന്ന് മണ്ണിനടിയില്‍പെട്ടത്. നാലോളം മൃതദേഹങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് തിരിച്ചടി നല്‍കി വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്.