കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രവേശന വിലക്ക് നീക്കാനൊരുങ്ങി കുവൈത്ത്. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചു. വാക്സിനെടുത്ത പ്രവാസികളെ ഓഗസ്റ്റ് ഒന്നു മുതല്‍ രാജ്യത്തേക്ക് മടങ്ങി വരാന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‍റം അറിയിച്ചു.
താമസ വിസയുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ആസ്‍ട്രസെനിക, ഫൈസര്‍, മൊഡേണ, ജോണ്‍സന്‍ ആന്റ് ജോണ്‍സണ്‍ എന്നിവയാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്സിനുകള്‍. രാജ്യത്ത് പ്രവേശിക്കുന്ന പ്രവാസികള്‍ ഏഴ് ദിവസം താമസ സ്ഥലങ്ങളില്‍ ക്വാറന്റീനില്‍ കഴിയണം. തുടര്‍ന്ന് നടത്തുന്ന പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. കുവൈത്തില്‍ നിന്ന് ഇപ്പോള്‍ വാക്സിന്‍ സ്വീകരിച്ചിട്ടുള്ള പ്രവാസികള്‍ക്ക് ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ച് രാജ്യത്തിന് പുറത്തേക്ക് പോവുകയും മടങ്ങിവരികയും ചെയ്യാനുമാവും.